
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മന്ത്രി പി.രാജീവ്. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗം വി.ഡി സതീശന്‍ പുറത്തുവിടുമോയെന്ന് മന്ത്രി ചോദിച്ചു. വി.എസ് നടത്തിയ പ്രസംഗം മാധ്യമങ്ങളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് നിലവിളക്കിൻ്റെ തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തതിനെ കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. തിരികൊളുത്തിയത് അദ്ദേഹമല്ലെങ്കില്‍ അത് പറയട്ടെ എന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
സാധാരണ ഗതിയില്‍ വേറെ ആരെങ്കിലും ഈ രീതിയില്‍ തിരികൊളുത്തുമോ. അതിനദ്ദേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ലല്ലോ എന്നും രാജീവ് ചോദിച്ചു.
ഭാരതീയ വിചാര കേന്ദ്രത്തിൻ്റെ പരിപാടിയില്‍ വി.എസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ചാണ് പറഞ്ഞത്. വി.ഡി സതീശന്‍ നടത്തിയ പ്രസംഗം അദ്ദേഹം പുറത്തു വിടട്ടെ. ഗോള്‍വാള്‍ക്കറെ കുറിച്ച് ഞാനന്ന് വായിച്ചിരുന്നില്ല. പിന്നീടാണ് മനസിലാക്കിയത്. അന്ന് അറിയാത്തതിനാലാണ് തിരികൊളുത്തിയത് എന്ന് പറഞ്ഞാല്‍ തീരാവുന്നതേ ഉള്ളുവെന്നും മന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയുടെ പരാമര്‍ശം അനുചിതമാണ്. സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്ക് ഒപ്പമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിയമപരമായി തന്നെ നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
