
ചട്ടഞ്ചാല്‍ (കാസർകോട്): ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ പുതു ചരിതം തീർക്കുകയാണ് എം.ഐ.സി . കഴിഞ്ഞ 30 വർഷമായി ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങിനിൽക്കുന്ന ചട്ടഞ്ചാല്‍ മലബാർ ഇസ്ലാമിക് കോംപ്ലസ് (എം.ഐ.സി) ക്യാമ്പസിൽ പുതുതായി റിസോഴ്സ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികളുടെ നാനോൻമുഖ പഠന പ്രവർത്തനങ്ങൾക്ക് നിറമേകാനാണ് റിസോഴ്സ് സെൻ്റർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എം.ഐ.സി ക്യാമ്പസിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നവീകരണ പദ്ധതിയുടെ ഭാഗമാക്കുകയാണ് ചെയ്യുക. കമ്പ്യൂട്ടർ ലാബ്, ഓഡിയോ വിഷ്വല്‍ ലാബ്, ഡിജിറ്റല്‍ ലൈബ്രറി, സ്റ്റുഡിയോ, ട്രെയ്നിങ് ഹാള്‍, റിസോഴ്സ് ലാബ് തുടങ്ങി നൂതന സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെട്ട വിപുലമായ പദ്ധതിയാണ് ലേണിംഗ് റിസോഴ്സ് സെൻ്ററിലുള്ളത്.

ലേണിംഗ് റിസോഴ്സ് സെൻ്റർ എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നിർമിച്ച ലേഡീസ് പ്രയർ ഹാളിൻ്റെ ഉൽഘാടനം സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്‌ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹ്മാൻ മൗലവിയും നിർവഹിച്ചു. ലത്തീഫ് ഹാജി ഉപ്പള, ഇബ്രാഹിം ഹാജി കുണിയ, പാലക്കി കുഞ്ഞഹമ്മദ് ഹാജി എന്നിവർ ഓരോ സെക്ഷനുകളുടെയും സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പൊതു പരിപാടിയോടനുബന്ധിച്ച് സ്ഥാപന ഭാരവാഹികളും സഹകാരികളും സംബന്ധിച്ച വെൽ വിഷേഴ്സ് മീറ്റിൽ സമസ്ത കാസർകോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലമ്പാടി, എം.എസ് തങ്ങള്‍ മദനി, മല്ലം സുലൈമാന്‍ ഹാജി, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഇ അബൂബക്കർ ഹാജി, ജലീല്‍ കടവത്ത്, ടി.ഡി. കബീർ, സോളാർ കുഞ്ഞഹമ്മദ് ഹാജി തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
