രാജ്യ സഭാംഗങ്ങള്‍ ഹാരിസ് ബീരാൻ, ജോസ്.കെ മാണി, പി.പി സുനീര്‍; വിജയം എതിരില്ലാതെ, കേരളത്തില്‍ നിന്നും ഒമ്പത് എം.പിമാർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing രാജ്യ സഭാംഗങ്ങള്‍ ഹാരിസ് ബീരാൻ, ജോസ്.കെ മാണി, പി.പി സുനീര്‍; വിജയം എതിരില്ലാതെ, കേരളത്തില്‍ നിന്നും ഒമ്പത് എം.പിമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് യു.ഡി.എഫില്‍ നിന്ന് മുസ്ലിം ലീഗിൻ്റെ ഹാരിസ് ബീരാൻ, സി.പി.ഐ നേതാവ് പി.പി സുനീര്‍,, ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ്.എം നേതാവ് ജോസ്.കെ മാണി എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ചൊവാഴ്‌ച മൂന്നുമണിക്ക് അവസാനിച്ചിരുന്നു. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ച ശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എം.പിമാരാണുള്ളത്.

എൽ.ഡി.എഫിൽ രാജ്യസഭാ സീറ്റിനായി തർക്കം ഉടലെടുത്തതോടെ സി.പി.എം സ്വന്തം സീറ്റ് ജോസ്.കെ മാണിക്ക് വിട്ടു നൽകുകയായിരുന്നു. കേരള കോൺഗ്രസ്.എം യു.ഡി.എഫിൽ ഘടക കക്ഷി ആയിരുന്നപ്പോൾ 2009 മുതൽ 2018 വരെ ലോക്‌സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു. അംഗത്വം രാജിവച്ച് ഇടതു മുന്നണിയിലേക്ക് ചേർന്നതിനെ തുടർന്നുണ്ടായ ഒഴിവിലേയ്ക്ക് ഇടതു മുന്നണി ജോസ്.കെ മാണിയെ തന്നെ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുത്തു. 2021 നവംബർ 28 മുതൽ ഇടതു മുന്നണിയുടെ രാജ്യസഭാംഗമായിരുന്നു.

സി.പി.ഐ സംസ്ഥാന അസിസ്റ്റണ്ട് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പി.പി സുനീര്‍. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാൻ, സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡണ്ടുമാണ്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം.എസ്.എഫിലൂടെ ആണ് സംഘടനാ രംഗത്തെത്തുന്നത്.

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങള്‍

സിപിഎം- 3 (ജോൺ ബ്രിട്ടാസ്, വി.ശവദാസൻ, എ.എ റഹീം)

സിപിഐ- 2 (പി.സന്തോഷ് കുമാര്‍, പി.പി സുനീര്‍)

മുസ്ലിം ലീഗ് – 2 (പി.വി അബ്‌ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ)

കോണ്‍ഗ്രസ്- 1 (ജെ.ബി മേത്തർ)

കേരള കോൺഗ്രസ് എം -1 ( ജോസ്.കെ മാണി)

0Shares