
തൃശൂര്‍: കേരളത്തില്‍ ത്രിപുര, ബംഗാള്‍ തന്ത്രം പയറ്റണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിച്ചു. ത്രിപുരയില്‍ ഭരണം പിടിക്കുന്നതിനും ബംഗാളില്‍ കരുത്തുറ്റ ശക്തിയാക്കാനും പരിശ്രമിച്ചവരെ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. ഇതോടെ ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എം നേതാക്കളെ കേരളത്തിലും രംഗത്തിറക്കാനുള്ള സാദ്ധ്യതയേറി.

കേരളം ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്നും കരുത്തുറ്റ പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ ഭരണം പിടിക്കാമെന്നും ആര്‍.എസ്.എസിന്‍റെ അടക്കമുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആദ്യമായാണ് ബി.ജെ.പി നേതൃത്വവുമായി സംഘപരിവാറിന്‍റെ മുഴുവന്‍ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം നടക്കുന്നത്. നേരത്തെ ആര്‍.എസ്.എസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. 42 സംഘടനാ നേതാക്കളാണ് ഇന്നലെ തൃശൂരിലെ യോഗത്തില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഒഴിച്ച് പ്രമുഖ നേതാക്കളെല്ലാം എത്തി.
ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് എന്‍. ബലറാം, പ്രാന്ത പ്രചാരക് അഡ്വ. ഹരികൃഷ്ണന്‍, സഹ പ്രാന്ത പ്രചാരക് എ. വിനോദ്, കെ.എസ് സുദര്‍ശന്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പി.എന്‍ ഈശ്വരന്‍, വിവിധ സംഘപരിവാര്‍ സംഘടനകളെ പ്രതിനീധികരിച്ച് അഡ്വ.സി.കെ സജി നാരായണന്‍, വി. രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍,(ബി.എം.എസ്), ബി.ആര്‍ ബലരാമന്‍ (വി.എച്ച്.പി), ആര്‍.വി ബാബു, കെ.പി ഹരിദാസ്, വി. ബാബു (ഹിന്ദു ഐക്യവേദി), എന്‍.സി.പി രാജഗോപാല്‍ (വിദ്യാഭാരതി), ഡോ. അരുണ്‍, വരുണ്‍ (എ.ബി.വി.പി) , എം. മോഹന്‍ദാസ് (ഭാരാതീയ വിചാര കേന്ദ്രം) തുടങ്ങി വിവിധ സംഘടനകളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.
