
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്‍ തീരുമാനം അടിയന്തരമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സെല്‍ ചെയര്‍മാന്‍ കൂടിയായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് താലുക്ക് തല അദാലത്തില്‍ ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് മെഡിക്കല്‍ ക്യാമ്പിനുള്ള സ്ഥലം ഉടന്‍ തീരുമാനിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിനോട് നിര്‍ദ്ദേശിച്ചത്. മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ വിദഗ്ദ ഡോക്ടര്‍മാരെ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ടെലിഫോണില്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, എന്‍.എച്ച്.എം പ്രൊജക്ട് ഓഫീസര്‍ ഡോ.റിജിത് എന്നിവരും പങ്കെടുത്തു.
