
സമീപകാലത്തായി വര്‍ധിച്ചുവരുന്ന മാല്‍വെയര്‍, റാൻസംവയര്‍ ഭീഷണികളും മറ്റ് സൈബര്‍ ആക്രമണങ്ങളും പ്രതിരോധിക്കാനായി രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രാലയം പുതിയ ഓപറേറ്റിങ് സിസ്റ്റവുമായി രംഗത്തു വന്നിരിക്കുകയാണ്. അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റിൻ്റെ വിൻഡോസിന് പകരം ‘മായ’ എന്ന പേരിലുള്ള തദ്ദേശീയ ഒ.എസാണ് മന്ത്രാലയത്തിൻ്റെ കീഴില്‍ വികസിപ്പിച്ചിരിക്കുന്നത്.
ഇൻ്റെര്‍നെറ്റ് കണക്റ്റ് ചെയ്‌ത തങ്ങളുടെ എല്ലാ കമ്പ്യുട്ടറുകളിലും വിൻഡോസിന് പകരം ‘മായ’ ഒ.എസ് ഇൻസ്റ്റാള്‍ ചെയ്യാനാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ തീരുമാനം. എന്നാല്‍, എന്താണ് മായ ഒ.എസ്, അത് വിൻഡോസില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത് ഇന്ത്യൻ സൈന്യത്തിന് എങ്ങനെ പ്രയോജനം ചെയ്യും, ആരാണ് ഇതിന് പിന്നില്‍? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതാ
എന്താണ് മായ ഒ.എസ്?
സ്വതന്ത്രവും അതേസമയം ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്‌വെയറും ഉപയോഗിക്കുന്ന ജനപ്രിയ ലിനക്‌സ് വിതരണമായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മായ ഒ.എസ്. ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡെവലപ്‌മെണ്ട് ഓര്‍ഗനൈസേഷൻ (ഡി.ആര്‍.ഡി.ഒ), സെൻ്റെര്‍ ഫോര്‍ ഡെവലപ്‌മെണ്ട് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിംഗ് (സി- ഡാക്), നാഷണല്‍ ഇൻഫോര്‍മാറ്റിക്‌സ് സെൻ്റെര്‍ (എൻ.ഐ.സി) എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ സഹായത്തോടെയാണ് പ്രതിരോധ മന്ത്രാലയം മായ ഒ.എസ് വികസിപ്പിച്ചെടുത്തത്.
വിൻഡോസിന് സമാനമായ ഇൻ്റെര്‍ഫേസും പ്രവര്‍ത്തനക്ഷമതയും ഉള്ളതിനാല്‍ എളുപ്പത്തില്‍ മനസിലാക്കാനും ഉപയോഗിക്കാനും കഴിയുമെന്നതാണ് മായ ഒ.എസിൻ്റെ ഒരു പ്രധാന ഗുണം.

ചക്രവ്യൂഹ് എന്നൊരു സവിശേഷതയും മായ ഒ.എസിലുണ്ട്, അത് ഒരു എൻഡ്- പോയിണ്ട് ആന്റി- മാല്‍വെയര്‍, ആന്റിവൈറസ് സോഫ്‌റ്റ്‌വെയറാണ്, അത് ഉപയോക്താവിനും ഇൻ്റെര്‍നെറ്റിനും ഇടയില്‍ ഒരു വെര്‍ച്വല്‍ ലെയര്‍ സൃഷ്‌ടിക്കുകയും സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് ഹാക്കര്‍മാരെ തടയുകയും ചെയ്യുന്നു.
എന്താണ് ഉബുണ്ടു, അത് വിൻഡോസിനേക്കാള്‍ സുരക്ഷിതമാണോ?
ലിനക്‌സ് അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യുട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു, ഉയര്‍ന്ന സുരക്ഷയ്ക്ക് പേരുകേട്ടതാണ് ഈ ഒ.എസ്. ഈ കാരണങ്ങള്‍ കൊണ്ട് വലിയൊരു യൂസര്‍ ബേസിനെ ഉണ്ടാക്കാൻ ഉബുണ്ടുവിന് കഴിഞ്ഞിട്ടുണ്ട്. വിൻഡോസില്‍ നിന്നുള്ള പ്രധാന വ്യത്യാസം ഉബുണ്ടുവില്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍ വളരെ കുറവാണ് എന്നുള്ളതാണ്.
കാരണം, വിൻഡോസിലുള്ള ഒട്ടനവധി ഫീച്ചറുകളും സേവനങ്ങളും മാല്‍വെയറുകള്‍ എളുപ്പം കടന്നുകൂടാൻ സഹായിക്കുന്ന തരത്തിലുള്ളതാണ്. ഉബുണ്ടുവില്‍ ഫീച്ചറുകള്‍ താരതമ്യേന കുറവാണെങ്കിലും അത് സൈബര്‍ സുരക്ഷയ്ക്ക് സഹായകരമാവുന്നു.
സ്വതന്ത്രവും ഓപ്പണ്‍ സോഴ്‌സായും വിതരണം ചെയ്യപ്പെടുന്ന ഒ.എസാണ് ഉബുണ്ടു, അതുകൊണ്ട് തന്നെ, ആര്‍ക്കും അതിൻ്റെ കോഡ് പരിശോധിക്കാനും പരിഷ്‌ക്കരിക്കാനും മെച്ചപ്പെടുത്താനും കഴിയും. ഒരു ഓപറേറ്റിങ് സിസ്റ്റം എന്ന നിലയില്‍ അതിൻ്റെ വികസനത്തിനും സുരക്ഷയ്ക്കും സംഭാവന നല്‍കുന്ന ആയിരക്കണക്കിന് ഡെവലപ്പര്‍മാരുടെയും ഉപയോക്താക്കളുടെയും കൂട്ടായ പരിശ്രമങ്ങളില്‍ നിന്ന് നിന്ന് പ്രയോജനം നേടാൻ ഇക്കാര്യം ഉബുണ്ടുവിനെ അനുവദിക്കുന്നു.
ഇതൊന്നും പേരാതെ, ഉബുണ്ടുവിന് ഒരു ബില്‍റ്റ്- ഇൻ ഫയര്‍വാള്‍, കര്‍ശനമായ ഉപയോക്തൃ അനുമതി സംവിധാനം, സൈബര്‍ സുരക്ഷാ ഭീഷണികളില്‍ നിന്നുള്ള സംരക്ഷണത്തിന് സഹായിക്കുന്ന പതിവ് സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവയുമുണ്ട്.
ആരാണ് മായ ഒ.എസിൻ്റെ സ്രഷ്ടാക്കള്‍?
പ്രതിരോധ സംവിധാനങ്ങളെയും മറ്റും ലക്ഷ്യമിട്ടുകൊണ്ട് വിദേശ സൈബര്‍ കുറ്റവാളികളില്‍ നിന്ന് തുടര്‍ച്ചയായ ഹാക്കിങ് ശ്രമങ്ങള്‍ നേരിട്ടതോടെയാണ്, 2021ല്‍ മായ ഒ.എസ് എന്ന ആശയത്തിലേക്ക് രാജ്യമെത്തുന്നത്. മൈക്രോസോഫ്റ്റിൻ്റെ വിൻഡോസിനേക്കാള്‍ സുരക്ഷിതവും വിശ്വസനീയവുമായ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.
വിവിധ സര്‍ക്കാര്‍ ഏജൻസികളില്‍ നിന്നുള്ള വിദഗ്‌ധരുടെ ഒരു സംഘം ആറ് മാസത്തോളം മായ ഒ.എസില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യൻ സോഫ്‌റ്റ്‌വെയര്‍ കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ച് ഒ.എസ് പരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ സംഘം ആരംഭിച്ചു. നാവിക സേന ഇതിനകം പുതിയ ഒ.എസ് പരിശോധിച്ച് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുണ്ട്. കരസേനയും വ്യോമസേനയും നിലവില്‍ പരിശോധിച്ചു വരികയാണ്.
എന്നാണ് മായ ഒ.എസ് ലഭ്യമായി തുടങ്ങുക?
നിലവില്‍ പരിശോധനാ ഘട്ടത്തിലുള്ള ഒ.എസ് ഉടൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സേവനങ്ങളടെയും കമ്പ്യുട്ടര്‍ സിസ്റ്റങ്ങളില്‍ ഇൻസ്റ്റാള്‍ ചെയ്‌ത് ഉപയോഗിക്കാൻ തുടങ്ങും. ഓഗസ്റ്റ് 15ന് മുമ്പ് സൗത്ത് ബ്ലോക്കിലെ ഇൻ്റെര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ കമ്പ്യുട്ടറുകളിലും ചക്രവ്യൂഹ സംരക്ഷണ സംവിധാനത്തോടൊപ്പം മായ ഇൻസ്റ്റാള്‍ ചെയ്യാനാണ് പദ്ധതി. ശേഷിക്കുന്ന കമ്പ്യുട്ടര്‍ സംവിധാനങ്ങള്‍ വര്‍ഷാവസാനത്തോടെ മായ ഒ.എസിലേക്ക് അപ്ഗ്രേഡ് ചെയ്യും.
