
മലപ്പുറം: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ യുഡിഎഫ് ചെയർമാനും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി കമറുദ്ദീന് എതിരെ മുസ്ലിം ലീഗ് നടപടി സ്വീകരിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാനായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എം.എല്‍.എയോട് വിശദീകരണം ചോദിച്ചു. ആസ്തി ബാധ്യതകള്‍ 15 ദിവസത്തിനുള്ളില്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കണം. ആറ് മാസത്തിനുള്ളില്‍ കടബാധ്യത മുഴുവന്‍ തീര്‍ക്കണം. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്നതിന് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ട്ര മാഹീന്‍ ഹാജിയെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നതായും നിക്ഷേപകരുടെ ആശങ്കകൾക്ക് പ്രാഥമിക പരിഗണന നല്‍കുവെന്നും മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച എം.സി കമറുദ്ദീൻ ചെയർമാനായ ജ്വല്ലറി ഗ്രൂപ്പിന് 100 കോടിയിൽ അതികം രൂപയുടെ കട ബാധ്യത ഉള്ളതായാണ് വിവരം.
