
കാസര്‍കോട്: കണക്ക് ഇനി കീറാമുട്ടിയാകില്ല. കേരള സര്‍ക്കാറിന്‍റെ സാമൂഹ്യ ഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കൂടാരം മടിക്കൈ ഗ്രാമപഞ്ചായത്തില്‍ റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഗണിത വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സംസ്ഥാനം കേരളമാണെന്ന പഠനത്തെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന നൂതന ഗണിത പഠന പരിപാടിയാണ് മഞ്ചാടി കൂടാരം.
ഗണിത ശാസ്ത്ര രംഗത്ത് ഏറെ പാരമ്പര്യം അവകാശപ്പെടാനുള്ള നാടാണ് നമ്മുടേതെന്നും പൗരാണിക ഭാരതത്തില്‍ ലോകം തന്നെ അംഗീകരിച്ച ചാണക്യനേയും ആര്യഭട്ടനേയും പരിചയിച്ച നാടാണിതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ആധുനിക കാലത്ത് കൂടുതലായി ഗണിത ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഗണിതശാസ്ത്രത്തില്‍ പിന്നാക്കം നില്‍ക്കുന്ന തദ്ദേശീയരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗണിത പഠനം മധുരകരമാക്കാന്‍ സംസ്ഥാന തലത്തില്‍ കെ.ഡിസ്‌ക് ന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗണിതത്തെ അനുഭവിച്ചും ആസ്വദിച്ചും പഠിക്കുന്ന രീതിയാണ് മഞ്ചാടിക്കൂടാരത്തിലുള്ളത്. 2018 ഡിസംബര്‍ 22ന് മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്ത പദ്ധതി ആദ്യ ഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടപ്പിലാക്കി വിജയിച്ച ശേഷം 2020ല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ജില്ലയില്‍ മഞ്ചാടിക്കൂടാരം പരിപാടി മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകര പൊതുജന വായനശാലയിലാണ് നടപ്പിലാക്കി വരുന്നത്. 3 മുതല്‍ 7 വരെ ക്ലാസ്സുകളിലെ 74 കുട്ടികള്‍ക്ക് രണ്ടു ഗ്രൂപ്പുകളായി സ്‌കൂള്‍ സമയത്തിനു ശേഷമുള്ള 2 മണിക്കൂര്‍ നേരം ഇവിടെ ഗണിത പഠന ക്ലാസ് ലഭിക്കുന്നു. പഠനത്തിന് നേതൃത്വം കൊടുക്കാന്‍ ഒരു അനിമേറ്ററും 6 അമ്മ ടീച്ചര്‍മാരും 6 വളണ്ടിയര്‍മാരുമാണ് ഉള്ളത്. വായനശാലയ്ക്ക് രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള കുട്ടികള്‍ക്കാണ് സേവനം ലഭിക്കുക.
കോവിഡ് സാഹചര്യത്തില്‍ എല്ലാം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വഴി വര്‍ക്ക് ഷീറ്റുകളും കുസൃതി കണക്കുകളും മറ്റ് ഗണിത പ്രവര്‍ത്തനങ്ങളും നല്‍കി വരുന്നു.കണക്കിനെ കീറാമുട്ടിയാക്കാതെ രസകരമായി പഠിപ്പിച്ച്, പ്രിയപ്പെട്ട വിഷയമാക്കി തീര്‍ക്കാനുള്ള പദ്ധതിയില്‍ സംസ്ഥാനത്താകെ നിരവധി കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. മത്സര പരീക്ഷകളില്‍ മലയാളികളെ കുഴപ്പിക്കുന്ന കണക്കിനെ മധുരകരമാക്കുന്നതാണ് ഈ പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മഞ്ചാടി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ശിവദാസന്‍ പ്രൊജക്റ്റ് വിശദീകരണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അബ്ദുള്‍ റഹിമാന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. രാഘവന്‍, കെ.ഡിസ്‌ക് ജയ് മോന്‍, ഗോപി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പ്രമീള സ്വാഗതവും കെ. ഡിസ്‌ക് അനിമേറ്റര്‍ സൗമ്യ നന്ദിയും പറഞ്ഞു.
