
കൊവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്ക് വലിയ പ്രശ്നങ്ങളില്ലെന്നും സുഖമാണെന്നും ആരാധകരെ അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. നേരത്തെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ എത്തിയത്. വാർത്ത എത്തിയതോടെ ആരാധകരും ആശങ്കയിലായി.
അസുഖവിവരങ്ങൾ തിരക്കി ആരാധകർ എത്തിയതോടെയാണ് താൻ സുഖമായിരിക്കുന്നുവെന്ന മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും ഇന്നലെ കൊവിഡ് പോസിറ്റീവായെന്നും വീട്ടിൽ സ്വയം ഐസൊലേഷനിലാണെന്നും മമ്മൂട്ടി കുറിച്ചു. എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്നും പരമാവധി സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

സി.ബി.ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവെച്ചിരിക്കുകയാണ്. ചെറിയ ജലദോഷമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം;
ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെങ്കിലും ഇന്നലെ ഞാൻ കൊവിഡ് പോസിറ്റീവായി. നേരിയ പനി ഉണ്ടെങ്കിലും എനിക്ക് സുഖമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്.
