
ഇന്ത്യയുടെ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് ആർ.ബി.ഐ.നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല.അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്നും ആർ.ബി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി. കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിൻറേയും എ.പി.ജെ അബ്ദുൾ കലാമിൻറേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം വാട്ടർമാർക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാൽ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ആർ.ബി.ഐ വിശദീകരണം. കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധി മാത്രം വേണ്ടെന്ന റിസർവ് ബാങ്കിൻ്റെ നിർദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നത്.
