അവസാന വാക്കുകള്‍: കര്‍ത്താവേ ഞാനങ്ങയെ സ്നേഹിക്കുന്നു; പാപ്പായ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച്‌ ആയിരങ്ങള്‍

You are currently viewing അവസാന വാക്കുകള്‍: കര്‍ത്താവേ ഞാനങ്ങയെ സ്നേഹിക്കുന്നു; പാപ്പായ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച്‌ ആയിരങ്ങള്‍

വത്തിക്കാന്‍ സിറ്റി: എമരിറ്റസ് മാര്‍പാപ്പ ബനഡിക്‌ട് പതിനാറാമന്‍റെ മൃതശരീരത്തിന് മുന്നില്‍ അന്തിമോചചാരം അര്‍പ്പിച്ചു പ്രാര്‍ഥിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി. ഇറ്റാലിയന്‍ സമയം തിങ്കളാഴ്‌ച രാവിലെ ഒമ്പതിനാണ് സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വാതിലുകള്‍ പൊതു ദര്‍ശനത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍ അതിന് മണിക്കൂറുകള്‍ക്ക് മുമ്പേ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരങ്ങള്‍ വരിയായി കാത്തുനിന്നിരുന്നു.

ബനഡിക്‌ട് പതിനാറാമന്‍ സ്ഥാനത്യാഗത്തിന് ശേഷം പ്രാര്‍ഥനാനിരതനായി ജീവിതം ചെലവഴിച്ചിരുന്ന മാത്തെര്‍ എക്ലേസിയേ ആശ്രമത്തിലെ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്‌ച രാവിലെ സ്വകാര്യ ശുശ്രൂഷകള്‍ക്ക് ശേഷമാണ് സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കിയിലേക്ക് കൊണ്ടുവന്നത്.

ചുവന്ന തിരുവസ്ത്രങ്ങള്‍ ധരിപ്പിച്ച മൃതദേഹം സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കാ മധ്യത്തില്‍ രണ്ടു സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴുവരെയായിരുന്നു പൊതുദര്‍ശനം. ചൊവ്വയും ബുധനും രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പൊതുദര്‍ശനമുണ്ടാകും. മദ്ബഹായുടെ മുന്നിലാണ് മൃതദേഹം വച്ചിരിക്കുന്നത്. വരിയില്‍ നിന്ന് അവിടെയെത്താന്‍ നാലുമണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരും.

വ്യാഴാഴ്‌ച രാവിലെ 9.30ന് ആരംഭിക്കുന്ന അന്ത്യകര്‍മ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. ഒരു മാര്‍പാപ്പ മുന്‍ഗാമിയുടെ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകുന്നത് ആധുനിക ചരിത്രത്തില്‍ ആദ്യമാണ്.

ഇതിന് മുമ്പ് മാര്‍പാപ്പയുടെ സംസ്‌കാരം നടന്നത് 2005ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ദിവംഗതനായപ്പോഴാണ്. 40 ലക്ഷം വിശ്വാസികളാണ് അന്ന് വത്തിക്കാനിലും റോമിലുമായി എത്തിച്ചേര്‍ന്നത്. തന്‍റെ സംസ്‌കാര ശുശ്രൂഷകള്‍ ലളിതമായിരിക്കണമെന്ന് ബനഡിക്‌ട് പതിനാറാമന്‍ നിര്‍ദേശിച്ചിരുന്നു. അതുപ്രകാരമായിരിക്കും ചടങ്ങുകളെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

അവസാന വാക്കുകള്‍ “കര്‍ത്താവേ ഞാനങ്ങയെ സ്നേഹിക്കുന്നു…”

എമരിറ്റസ് മാര്‍പാപ്പ ബനഡിക്‌ട് പതിനാറാമന്‍റെ അന്ത്യവാക്കുകള്‍ “കര്‍ത്താവേ ഞാനങ്ങയെ സ്നേഹിക്കുന്നു” എന്നായിരുന്നു. അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ച്ച്‌ബിഷപ് ജോര്‍ജ് ഗാന്‍സ്വയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് പുലര്‍ച്ചെ മൂന്നോടെയാണ് എമരിറ്റസ് മാര്‍പാപ്പ അവസാന വാക്കുകള്‍ ഉരുവിട്ടത്. അദ്ദേഹം അന്ത്യനിമിഷങ്ങളിൽ എത്തിയിരുന്നില്ല. ജര്‍മന്‍ സംസാരിക്കാത്ത ഒരു നഴ്‌സ് മാത്രമാണ് അടുത്തുണ്ടായിരുന്നത്. ഇറ്റാലിയന്‍ ഭാഷയില്‍ വളരെ വ്യക്തമായി അദ്ദേഹം മന്ത്രിക്കുകയായിരുന്നുവെന്ന് ആര്‍ച്ച്‌ ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഇറ്റാലിയന്‍ സമയം ഡിസംബര്‍ 31ന് രാവിലെ 9.34നാണ് ബനഡിക്‌ട് പതിനാറാമന്‍ ദിവംഗതനായത്.

0Shares