
ന്യൂയോര്‍ക്ക്: ലോക കേരളസഭ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കമായി. പ്രതിനിധികളുടെ റജിസ്ട്രേഷനും സൗഹൃദ സംഗമവും ആയിമായിരുന്നു ആദ്യദിവസം നടന്നത്. പ്രതിനിധി സമ്മേളനം ശനിയാഴ്‌ച വൈകിട്ട് പ്രൗഢമായ സദസിനെ അഭിസംബോധന ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യുന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ കേരളം അഭിമാനമായി മാറും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളായുള്ളത്. ഇവരുടെ രജിസ്ട്രേഷന്‍ വെള്ളിയാഴ്‌ച ഉച്ചയോടെ തുടങ്ങിയിരുന്നു. വൈകിട്ട് ആറുമണിക്ക് സൗഹൃദ സമ്മേളനം നടന്നു. നോര്‍ക്ക റൂട്‌സ് വൈസ്. ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ സൗഹൃദ സദസ് ഉദ്ഘാടനം ചെയ്‌തു. ചീഫ് സെക്രട്ടറി വി.പി ജോയ്, സ്പെഷ്ല്‍ ഓഫീസര്‍ വേണു രാജാമണി തുടങ്ങിയവര്‍ സദസിനോട് സംസാരിച്ചു. ഒരുക്കങ്ങള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിലയിരുത്തി.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദി എന്ന നിലയ്ക്കാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ലോക കേരളസഭയെ വിഭാവനം ചെയ്‌തത്. സർക്കാരിൻ്റെ ഭാവനയായിരുന്നു ലോക കേരളസഭ. ഇന്ത്യയിലെയും വിദേശത്തെയും പ്രവാസികളായ മലയാളികളുടെ സമ്മേളനം സംഘടിപ്പിച്ച് നാടിൻ്റെ വികസന കാര്യങ്ങളും പ്രവാസികളുടെ സംഭാവനകളും അവരുടെ ക്ഷേമവുമൊക്കെ അഡ്രസ് ചെയ്യുന്ന സംവിധാനം.
കേരളത്തിൻ്റെ വരുമാനത്തിൻ്റെ ഗണ്യമായ പങ്ക് പ്രവാസികളുടെ നിക്ഷേപത്തിൽ നിന്നാകുമ്പോൾ, അവർക്ക് കേരളീയ പൊതുമണ്ഡലത്തിൽ സവിശേഷ പരിഗണന നൽകി ആദരിക്കുന്നത് നല്ല കാര്യമാണല്ലോ. അവരെ കേരളം പരിഗണിക്കുന്നു എന്നത് പ്രവാസികളുടെ വിശ്വാസം പുഷ്ടിപ്പെടുത്തും. അവർക്ക് നാടിനോടുള്ള താത്‌പര്യം കൂടുകയും ചെയ്യും.
