
സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധനവിന് എൽ.ഡി.എഫ് അംഗീകാരം. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല. മിനിമം ചാർജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എൽ.ഡി.എഫ് യോഗത്തിൻ്റെ തീരുമാനം.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം നടത്തിയത്. നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിൽ സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിക്കുകയായിരുന്നു.
ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
