
എൽ.ഡി.എഫിന് കേരളനിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം. നിയമസഭാ തിരഞ്ഞെടുപ്പിൽ 140 ൽ 100 സീറ്റുകളും നേടി കേരളത്തിന്‍റെ ഭരണത്തുടർച്ച എൽ.ഡി.എഫ് ഉറപ്പാക്കി. യു.ഡി.എഫ് ചരിത്രത്തിലെ അതിന്‍റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങി 40 സീറ്റുകളിലൊതുങ്ങി.
വലിയ അവകാശവാദങ്ങളുമായെത്തിയ ബി.ജെ.പിയുടെ അക്കൗണ്ടും കേരള ജനത പൂട്ടിച്ചു.തുടർഭരണത്തിനുള്ള സാധ്യത അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നവെങ്കിലും ഇത്ര ശക്തമായ ഇടതു തരംഗം ഏറ്റവും കടുത്ത എൽ.ഡി.എഫ് ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഗുരുതരമായ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും നേരിട്ടാണ് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് മിന്നുന്ന വിജയത്തിലേക്ക് ഇടതുമുന്നണിയെ നയിച്ചത്. സത്യത്തിൽ തദ്ദേശതിരഞ്ഞെടുപ്പെന്ന സെമിഫൈനലിൽ തന്നെ വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചനകളുണ്ടായിരുന്നു. അതു തിരിച്ചറിയാതെ കളിച്ച പ്രതിപക്ഷത്തെ നിരായുധരാക്കി ആധികാരികമായ വിജയം പിണറായി വിജയൻ പിടിച്ചതോടെ അതു ചരിത്രത്തിൽ സമാനതകളില്ലാത്തതായി.
കഴിഞ്ഞ തവണത്തേക്കാൾ ദയനീയ പരാജയമാണ് യു.ഡി.എഫ് ഇത്തവണ ഏറ്റുവാങ്ങിയത്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ ചെന്നിത്തലയിൽ പോലും വിശ്വാസമർപ്പിക്കാതെ നടത്തിയ രാഷ്ട്രീയ മണ്ടത്തരങ്ങളാണ് ഈ കനത്തപരാജയത്തിന് കാരണമെന്ന് യു.ഡി.എഫ് നേതൃത്വം ഇപ്പോൾ അറിയുന്നുണ്ട്.
രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് സംസ്ഥാനതലത്തിൽ വിശ്വാസ്യതയുള്ള ഒരു നേതാവ് പോലും ഇല്ലന്നെതിന് ഇപ്പോൾ നേടിയ ഈ വട്ടപ്പൂജ്യം ബി.ജെ.പിക്ക് തെളിവാണ്. ശ്രീധരനെയും സുരേഷ് ഗോപിയെയും ഒക്കെ ഇറക്കിയുള്ള ചില ഗിമ്മിക്കുകൾ മാത്രം കൊണ്ട് കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിൽ എന്തെങ്കിലും അടയാളപ്പെടുത്തലുകൾക്ക് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇനിയും കഴിയില്ല എന്നവർ മനസിലാക്കുന്നില്ല.
