കാസർകോട്ടുകാരൻ ലത്തീഫ് ഉപ്പളക്ക് ഒ.സി.സി.ഐ തെരഞ്ഞെടുപ്പില്‍ ജയം; ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിൻ്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ മലയാളി പ്രവാസികൾക്കും ആവേശം

  • Post category:health / local news
  • Reading time:2 mins read
You are currently viewing കാസർകോട്ടുകാരൻ ലത്തീഫ് ഉപ്പളക്ക് ഒ.സി.സി.ഐ തെരഞ്ഞെടുപ്പില്‍ ജയം; ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിൻ്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ മലയാളി പ്രവാസികൾക്കും ആവേശം

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിൻ്റെ മാനേജിങ് ഡയറക്ടര്‍ ഉപ്പള സ്വദേശി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന് വിജയം. വിദേശ പ്രതിനിധിയായാണ് ലത്തീഫ് വിജയിച്ചത്. ഒമ്പത് വിദേശികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ഇതില്‍ അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ മൂന്ന് മലയാളികളായിരുന്നു. സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വി.എം.എ. ഹകീം, സാമൂഹിക പ്രവര്‍ത്തകന്‍ സുഹാര്‍ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്രഹാം രാജു എന്നിവരാണ്‌ മത്സരരംഗത്തുണ്ടായിരുന്ന മറ്റു മലയാളികള്‍.

ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. വോട്ട് ചെയ്യാനായി ഗവര്‍ണറേറ്റുകളില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് രീതിയിലായിരുന്നു പോളിങ്. രാത്രി പത്ത് മണിയോടെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. ആദ്യമായാണ് ചേംബര്‍ ഓഫ് കോമേഴ്‌സിലേക്ക് വിദേശികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. 13,000 കമ്പനികളാണ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 61 ശതമാനവും ഫസ്റ്റ്, പ്രീമിയം ക്ലാസുകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെല്ലാം വോട്ടവകാശമുണ്ടായിരുന്നു.

കഴിഞ്ഞ കേരള ലോക സഭയില്‍ പ്രതിനിധിയുമായിരുന്ന ലത്തീഫ് ഉപ്പള ഗേറ്റ്
ജില്ലയിലെ പ്രവാസി വ്യവസായികളില്‍ ഏറെ ശ്രദ്ധേയനാണ്. നിരവധി സാമൂഹ്യ, ജീവകാരുണ്യ സംരംഭങ്ങളുടെ നേതൃനിരയില്‍ സജീവമായ വ്യക്തിത്വം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ലത്തീഫിൻ്റെ ഉടമസ്ഥതയില്‍ 25 ഓളം ഹോസ്പിറ്റലുകളുണ്ട്. ഇതില്‍ 13 എണ്ണവും മസ്‌ക്കത്തിലാണ്.

ബദര്‍ അല്‍സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിൻ്റെ മാനേജിംഗ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിൻ്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മാതാവിൻ്റെ സ്മരണയില്‍ ഐശാല്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ച് സാമൂഹിക-സേവന മേഖലയില്‍ ശ്രദ്ധയനായ അദ്ദേഹം അതിന് പുറമെ കാസർകോട് സി.എച്ച് സെന്റർ ചെയർമാനായും പ്രവർത്തിക്കുന്നുണ്ട്.

ഒമാൻ സുല്‍ത്താൻ്റെ വിഷന്‍ 2040ൻ്റെ അവിഭാജ്യ ഭാഗമായി പ്രവാസി വ്യവസായ സമൂഹത്തെ മാറ്റാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു. പ്രവാസി വ്യവസായ സമൂഹത്തെ ക്രിയാത്മക രീതിയില്‍ പിന്തുണക്കുകയെന്ന ഉത്തരവാദിത്വവും അവസരവുമാണ് ഒ.സി.സി.ഐ ഗവേണിംഗ് ബോഡി അംഗത്വത്തിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares