ശ്രീലങ്കയിലെ പുതിയ പ്രസിഡണ്ട് റനിൽ വിക്രമ സിം​ഗെ; സമ്പദ് വ്യവസ്ഥ സുസ്ഥിരം ആക്കുമെന്ന് പ്രഖ്യാപനം, തമിഴ് നാഷണൽ അലയൻസിൻ്റെ വോട്ടുകളും നേടി

  • Post category:international / news
  • Reading time:1 min read
You are currently viewing ശ്രീലങ്കയിലെ പുതിയ പ്രസിഡണ്ട് റനിൽ വിക്രമ സിം​ഗെ; സമ്പദ് വ്യവസ്ഥ സുസ്ഥിരം ആക്കുമെന്ന് പ്രഖ്യാപനം, തമിഴ് നാഷണൽ അലയൻസിൻ്റെ വോട്ടുകളും നേടി

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രതിഷേധം ശക്തമായിരിക്കെ, ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമ സിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഗോട്ടബയ രാജപക്സെക്ക് പ്രസിഡണ്ട് പദവിയിൽ നിന്ന് രാജിവെക്കേണ്ടി വന്നതിനെ തുടർന്നാണ് വിക്രമ സിം​ഗെയെ പ്രസിഡണ്ടായി നി‌യമിച്ചത്. നിലവിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

134 വോട്ടുകൾ നേടിയാണ് വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻ്റെ വോട്ടുകളും വിക്രമ സിം​ഗെ നേടി. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെണ്ടിൽ പറഞ്ഞു.

ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറുതവണ ലങ്കൻ പ്രധാനമന്ത്രിയായ അനുഭവ പരിചയമുണ്ട് വിക്രമ സിം​ഗെക്ക്.

റനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയ വാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഡള്ളസ് അളഹപ്പെരുമ 82 വോട്ടുകൾ നേടിയപ്പോൾ ഇടതുസ്ഥാനാർഥിയായ അനുര ദിസനായകെ 3 വോട്ടുകളാണ് ലഭിച്ചത്. റെനില്‍ വിക്രമ സിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടിയിരുന്നത്.

ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമദാസയെ പിന്‍വലിച്ചിരുന്നു.

പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി പിന്തുണയ്ക്കുമെന്ന വിക്രമ സിംഗെയുടെ കണക്കുകൂട്ടൽ ശരി‌യായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പാർലമെണ്ടിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. റെനിൽ വിക്രമ സിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡണ്ടിൻ്റെ കോലം പ്രസിഡണ്ട് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു.‌

0Shares