
കാസർകോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ മൂന്ന് സെന്റ് ഭൂമി ലഭിച്ചവർക്ക് അതിർത്തി നിർണയ നടപടികൾ തുടങ്ങി. ഇതിനായി ജില്ലാ കളക്ടർ കാസർകോട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഭൂമി പതിച്ചു കിട്ടിയവരിൽ അതിർത്തി നിർണയിച്ച് ലഭിച്ചിട്ടില്ലാത്തവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്.

വിവിധ വില്ലേജ് ഓഫീസർമാരിൽ നിന്നും വിവര ശേഖരണം നടത്തിയതിൽ പത്ത് വില്ലേജുകളിലായി 2771 പേർക്ക് ഭൂമി അളന്ന് അതിർത്തി കാണിച്ചു നൽകാൻ ബാക്കിയുണ്ട്. അതിനാൽ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നതായും നവംബർ 15 നകം അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകിയിട്ടുണ്ടെന്നും കാസർകോട് തഹസിൽദാർ രാജൻ എ.വി പറഞ്ഞു. ഗുണഭോക്താകൾക്ക് ഭൂമി ലഭിച്ച വില്ലേജിലോ അവർ താമസിക്കുന്ന വില്ലേജിലോ അപേക്ഷ നൽകിയാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.
