പ്രവാസികളുടെമേൽ പിടിമുറുക്കി കുവൈത്ത് ഭരണകൂടം; ജോലി മതിയാക്കി പോകുന്നവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാജ്യം വിടാന്‍ സാധിച്ചേക്കില്ല, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍

  • Post category:Gulf / news
  • Reading time:1 min read
You are currently viewing പ്രവാസികളുടെമേൽ പിടിമുറുക്കി കുവൈത്ത് ഭരണകൂടം; ജോലി മതിയാക്കി പോകുന്നവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാജ്യം വിടാന്‍ സാധിച്ചേക്കില്ല, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍

കുവൈത്തില്‍ നിന്ന് ജോലി മതിയാക്കി പോകുന്നവര്‍ പ്രവാസികള്‍ ഇനി കുറച്ച്‌ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ രാജ്യം വിടാൻ സാധിച്ചെന്ന് വരില്ല. കുടിശ്ശിക ബാക്കിയാക്കി കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍. അവസാനമായി ഇപ്പോള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും, ഗള്‍ഫ് പൗരന്മാരും ടെലിഫോണ്‍ ബില്‍ കുടിശ്ശിക ഉണ്ടെങ്കില്‍ അതും അടച്ച്‌ തീര്‍ക്കണമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ നീക്കം. നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യതി- ജല മന്ത്രാലയവും സമാനമായ രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളും അടച്ച്‌ തീര്‍ത്തിരിക്കണം.

സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ഈ വക കുടിശ്ശിക ഉള്ളവര്‍ക്ക് അത് അടച്ചു തീര്‍ക്കാതെ രാജ്യം വിടാനാകില്ല. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, അതത് ഓഫീസുകള്‍ വഴിയും പേയ്‌മെണ്ടുകള്‍ അടക്കാം.

കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തിൻ്റെ കര, അതിര്‍ത്തി കവാടങ്ങള്‍ വഴിയും യാത്ര ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും തീരുമാനം ബാധകമായിരിക്കും. നിയമ ലംഘനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് സൂചന. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓണ്‍ലൈൻ പോര്‍ട്ടലിലോ, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെണ്ട് ഓഫീസിലോ, എയര്‍പോര്‍ട്ട്, ബോര്‍ഡര്‍ പോര്‍ട്ട് എന്നിവിടങ്ങളിലെ ഓഫീസികളിലും പിഴ അടക്കാൻ നിലവില്‍ സംവിധാനങ്ങളുണ്ട്. അതിനിടെ അവശ്യ സേവനങ്ങള്‍ നല്‍കുന്ന മറ്റ് മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്. ഏക ജാലക സംവിധാനത്തില്‍ പിഴകള്‍ ഈടാക്കുന്നതിനായി മന്ത്രാലയങ്ങള്‍ക്കിടയില്‍ ഇലക്‌ട്രോണിക് ഇൻ്റെര്‍ഫേസിനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും സൂചനയുണ്ട്.

0Shares