കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി.പി.എമ്മിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്; വൈസ് പ്രസിഡണ്ട് സ്ഥാനം അവിശ്വാസത്തിലൂടെ പിടിച്ചെടുത്തിരുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി.പി.എമ്മിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്; വൈസ് പ്രസിഡണ്ട് സ്ഥാനം അവിശ്വാസത്തിലൂടെ പിടിച്ചെടുത്തിരുന്നു

കാസര്‍കോട്: കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി.പി.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സി.പി.എമ്മിലെ മണികണ്ഠന്‍ നല്‍കിയ പ്രമേയത്തെ പി.ദിവാകരന്‍ പിന്തുണച്ചു. നോട്ടിസ് നല്‍കി 15 പ്രവൃത്തി ദിവസത്തിന് ശേഷം പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് ഓണാവധി കഴിഞ്ഞ് പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കും.

പതിനാറംഗ ഭരണസമിതിയാണ് കുറ്റിക്കോല്‍ പഞ്ചായത്തിലുള്ളത് ബി.ജെ.പി ക്ക് മൂന്നും യു.ഡി.എഫിന് ആറും സി.പി എമ്മിന് ഏഴും അംഗങ്ങളാണ് ഉള്ളത്. സി.പി.എമ്മിന്‍റെ എഴുപേരില്‍ ഒരാള്‍ നേരത്തെ സി.പി.ഐ ആയിരുന്നു. കഴിഞ്ഞ തവണ നടന്ന ബി.ജെ.പിയുടെ വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന് ശേഷമാണ് സി.പി.ഐ അംഗം സി.പി.എമ്മായത്.

ബി.ജെ.പിയിലെ കെ.ദാമോദരനായിരുന്നു നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ഇദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറത്താക്കുകയും സി.പി.എമ്മിലെ പി.ഗോപിനാഥന്‍ വൈസ് പ്രസിഡണ്ടാവുകയുമായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നു അംഗങ്ങളുള്ള ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്നും അത് കോണ്‍ഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡണ്ടിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ സഹായിക്കുമെന്നും സി.പി.എം പ്രതീഷിക്കുന്നു.

ഒരു വര്‍ഷം മാത്രമാണ് ഇനി ഭരണകാലമുള്ളത്. പ്രസിഡണ്ടിനെതിരെ നല്‍കിയ അവിശ്വാസം വിജയിച്ചാല്‍ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം വീണ്ടും സി.പി.എമ്മിന്‍റെ കൈകളിലെത്തും.

0Shares