കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞിയുമായി കുടുംബശ്രീ; ഫെസ്റ്റ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

  • Post category:health / local news
  • Reading time:1 min read
You are currently viewing കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞിയുമായി കുടുംബശ്രീ; ഫെസ്റ്റ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ വിദ്യാനഗറിലെ കാസർകോട് ജില്ലാ പഞ്ചായത്ത് കാന്റീനിൽ നിർവ്വഹിച്ചു. കർക്കിടക കഞ്ഞി കഴിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

കോവിഡ് മഹാമാരി കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രോഗ പീഡകളെ അകറ്റാനുമാണ് ജില്ലാ കുടുംബശ്രീ മിഷൻ ജില്ലയിലെ 40 ജനകീയ ഹോട്ടലുകളിൽ കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞി ഫെസ്റ്റ് നടത്തുന്നത്. ആഗസ്റ്റ് 16 വരെയാണ് ഫെസ്റ്റ്. ചെന്നല്ലരിയും പച്ച മരുന്നുകളും ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്നതാണ് കേരളത്തിന്‍റെ തനതായ കർക്കിടക കഞ്ഞി. നാല് തരം കഞ്ഞികൾ നൽകുന്നുണ്ട്. ഒപ്പം ഇലക്കറികൾ, നെല്ലിക്ക ചമ്മന്തി എന്നിവയും. 50 രൂപയാണ് ഇതിന് ഈടാക്കുന്നത്.

മുഴുവൻ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകൾ സജീകരിക്കും. ഇതിലൂടെ കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻമാരായ കെ. ശകുന്തള, ഗീതാകൃഷ്ണൻ, മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, അസി. കോ ഓർഡിനേറ്റർമാരായ ഡി. ഹരിദാസ്, പ്രകാശൻ പാലായി, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ഇന്ദു ദിലീപ്, മുൻ എം.പി പി. കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

0Shares