
തിരുവനന്തപുരം: ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോട് അനുബന്ധിച്ച് ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമാക്കിയത് മികച്ച നേട്ടം. ഒറ്റദിവസം കൊണ്ട് നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണ്.
മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം.

ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം 3000 പേര്‍ക്കും ഇതിന് പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് കുടുംബശ്രീ നല്‍കിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയന് സമീപം പന്ത്രണ്ട് ഫുഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്.
ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്‌സല്‍ വാങ്ങാനും എത്തിയിരുന്നു. കുടുംബശ്രീ ഏറ്റെടുത്ത ഏറ്റവും വലിയൊരു ഉത്തരവാദിത്വ പ്രവർത്തനം കൂടിയാണിത്.
