
കാസർകോട്: ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പി കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു. ഫെസ്റ്റിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 10 ദിവസം തുടര്‍ച്ചയായി കര്‍ക്കിടക കഞ്ഞി കുടിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും തിരക്കുപിടിച്ച ജീവിതശൈലിയില്‍ ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഒപ്പം ഇത്തരം രുചികരവും ആരോഗ്യപ്രദവുമായ ആഹാരം ഒരുക്കിയതിന് കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ മുഖ്യാതിഥികളായി. കാസര്‍കോട് കളക്ടറേറ്റ് പരിസരത്തില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 5 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . ആയുര്‍വ്വേദ വിധി പ്രകാരം തയാറാക്കുന്ന ഔഷധക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, പാല്‍ക്കഞ്ഞി അഥവാ നെയ്യ് കഞ്ഞി എന്നിവയുടെ കൂടെ പത്തില കൂട്ടിൻ്റെ കറിയും നെല്ലിക്ക ചമ്മന്തിയും ഉണ്ടാകും. ഒപ്പം മധുരമേറിയ മുളയരി പായസം, ചക്കപ്പായസം, മഞ്ഞള്‍ അട, ഔഷധ കാപ്പിയും ലഭ്യമാണ്. കര്‍ക്കിടക കഞ്ഞി ഉച്ചയ്ക്ക് 12.30 മണിമുതല്‍ ലഭ്യമാവും. നാല്‍പത് രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള വില. മുളയരി പായസത്തിന് 30 രൂപയും ചക്കപ്പായസത്തിന് 20 രൂപയുമാണ് വില.

ഇതിനുപുറമേ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയും ഫെസ്റ്റിലുണ്ട്. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, പ്രകാശന്‍ പാലായി, സി.എച്ച് ഇക്ബാല്‍, ജില്ലാ പ്രോഗ്രാം -മാര്‍ക്കറ്റിംഗ് മാനേജര്‍ തതിലേഷ് തമ്പാന്‍ എന്നിവരും പങ്കെടുത്തു.
