
കോഴിക്കോട്: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസിൻ്റെ നവസങ്കല്‍പ് ചിന്തന്‍ ശിബിരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൻ്റെ ഭാഗമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡിയെ ഉപയോഗിച്ച് അകാരണമായി ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തിൻ്റെ അതേ നയമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരും പിന്തുടരുന്നത്. ഇത്തരം വിരട്ടല്‍ രാഷ്ട്രീയം കോണ്‍ഗ്രസിനോട് ചെലവാകില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്ത് ഇതുപോലെ ഭീതിജനകമായ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍ ഫാസിസത്തിൻ്റെ കടന്നുകയറ്റമാണ് കാണാനാകുന്നത്. മുഹമ്മദ് സുബൈര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ജയിലില്‍ കിടന്നത് എന്തിനുവേണ്ടിയാണെന്ന ഒരുമാസത്തിന് ശേഷമാണ് കോടതി ചോദിക്കുന്നത്. രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പോലും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ടില്‍ അനുവദിക്കുന്നില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ ഫാസിസം വരുമെന്ന് നമ്മള്‍ ഭയപ്പെട്ടു. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നു.
കെ.പി.സി.സി കോഴിക്കോട് നടത്തുന്ന നവസങ്കല്‍പ് ചിന്തന്‍ ശിബിരില്‍ മുന്‍ അധ്യക്ഷരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പങ്കെടുത്തില്ല. നിലവിലെ പ്രസിഡണ്ട് കെ.സുധാകരനുമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാലാണ് മാറിനില്‍ക്കലെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിൻ്റെ നേതൃനിര ചര്‍ച്ചാ സംഗമത്തില്‍ ദേശീയ നേതാക്കളും പങ്കെടുത്തു. ആശയ രംഗത്തും സംഘടനാ രംഗത്തും വ്യക്തമായ രൂപരേഖ തയ്യാറാക്കി കോണ്‍ഗ്രസിന് പുതിയജീവന്‍ നല്‍കുക എന്നതാണ് നവസങ്കല്പ് ചിന്തന്‍ ശിബിരിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

സംഘടന, രാഷ്ട്രീയം, സാമ്പത്തികം, ഔട്ട് റീച്ച്, മിഷന്‍ 2024 എന്നീ വിഷയങ്ങളിലൂന്നി അഞ്ച് കമ്മിറ്റികളുണ്ടാക്കിയ കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താകും ഭാവി പ്രവര്‍ത്തനത്തിനുള്ള രൂപരേഖ ഉണ്ടാക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ക്കൊപ്പം താഴെത്തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ക്കാണ് ചിന്തന്‍ ശിബിരം രൂപം നല്‍കുക. 2024 വരെയുള്ള ഓരോ മാസവും നടത്താനുള്ള പരിപാടികള്‍ക്കും രൂപം കാണും. ചര്‍ച്ച ചെയ്ത് രൂപപ്പെട്ട നയപരിപാടികള്‍ കോഴിക്കോട് പ്രഖ്യാപനമായി പുറത്തുവരും.
കെ.സുധാകരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, താരീഖ് അന്‍വര്‍, ദ്വിഗ് വിജയ് സിങ്, വിശ്വനാഥന്‍ പെരുമാള്‍ സംബന്ധിച്ചു. കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമേ ഡിസിസി പ്രസിഡണ്ടുമാരും പോഷക സംഘടനാ ഭാരവാഹികളുമുള്‍പ്പടെ 200 ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഉദയാപൂര്‍ ശിബിരത്തിൻ്റെ മാതൃകയിലാണ് പരിപാടി.
