കള്ളപ്പണക്കേസ്; കോഴിക്കോട് ചന്ദ്രിക പത്രത്തിന്‍റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • Post category:news
  • Reading time:1 min read
You are currently viewing കള്ളപ്പണക്കേസ്; കോഴിക്കോട് ചന്ദ്രിക പത്രത്തിന്‍റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്‌. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്‌. കേസുമായി ബന്ധപ്പെട്ട്‌ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന്‍റെ അക്കൗണ്ടിലെത്തിയെന്ന് വിജിലന്‍സ് അറിയിച്ചു. ഇന്നലെ പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ആലുവയിലുള്ള ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചന്ദ്രിക ഓഫീസില്‍ റെയ്ഡ് നടത്തിയത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ചന്ദ്രികയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് പരാതി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.

ചന്ദ്രികയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ആണ് ശ്രമം എന്ന് ചന്ദ്രികയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അക്കൗണ്ടിലേക്കെത്തിയ പത്തുകോടി രൂപ വായനക്കാരില്‍ നിന്നുള്ള വരിസഖ്യയാണെന്ന ചന്ദ്രികയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

കള്ളപ്പണം സമ്പാദിച്ചതിന്‍റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കും. അതേസമയം, പാലാരിവട്ടം കേസില്‍ പ്രതി ചേര്‍ത്തതിന്‍റെ റിപ്പോര്‍ട്ട് വിജിലന്‍സിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

0Shares