
ഗുരുതരമായ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ള കോവിഡ് രോഗികളുടെ എണ്ണം കാസര്‍കോട് ജില്ലയിൽ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. മാസ്‌ക്, സാമൂഹിക അകലം, കൂട്ടം ചേരൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും പോലീസിനും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശം നൽകി. കോവിഡ് വാക്സിനേഷൻ നൽകുന്നതിനൊപ്പം പരിശോധനകൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ കക്ഷി പ്രവർത്തകർ, പോളിംഗ് ഏജൻറുമാർ അടക്കമുള്ളവർ കോവിഡ് പരിശോധന നടത്തുകയോ സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യണമെന്ന് കളക്ടർ അഭ്യർഥിച്ചു.
45 വയസ്സ് കഴിഞ്ഞ മുഴുവനാളുകൾക്കും കോവിഡ് വാക്സിൻ നൽകുന്നത് ഊർജിതമാക്കും. ഇതിന്‍റെ ഭാഗമായി കോവിഡ് വാക്സിനേഷന് ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും. ആരോഗ്യ വകുപ്പിലെ മുഴുവൻ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ഡി.എം.ഒ (ആരോഗ്യം) ഡോ. വി. രാംദാസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച സർക്കാർ ജീവനക്കാർ ഏപ്രിൽ 13നകം രണ്ടാം ഡോസ് സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. ജീവനക്കാർ രണ്ടാം ഡോസ് സ്വീകരിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം.
സിവിൽ സ്റ്റേഷനുകളിലും താലൂക്ക് ഓഫീസുകളിലും വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തും. എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പ്രവർത്തനം ഊർജിതമാക്കും. ജില്ലയിൽ തൃക്കരിപ്പൂർ ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ.
വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടി ഫുട്ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി. ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വ്യാപാരികൾ, കടകളിലെ ജീവനക്കാർ, പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് യോഗം നിർദേശിച്ചു.
തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാർസൽ മാത്രം വിതരണം ചെയ്യണം. തട്ടുകടകളിൽ ഉൾപ്പടെ എല്ലാ കടകളിൽ ഉൾപ്പടെ മാസ്‌കും കയ്യുറയും നിർബന്ധമാക്കി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളേയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പിൽ താൽക്കാലികമായി നഴ്സുമാരെ നിയമിക്കാനും കളക്ടർ നിർദേശം നൽകി. ഓൺലൈൻ യോഗത്തിൽ എ.ഡി.എം അതുൽ എസ്. നാഥ്, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
