കോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം; കാസർകോട് ജില്ലയില്‍ കോവിഡ് തുടര്‍ ബോധവല്‍ക്കരണ നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി

  • Post category:health / local news
  • Reading time:2 mins read
You are currently viewing കോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം; കാസർകോട് ജില്ലയില്‍ കോവിഡ് തുടര്‍ ബോധവല്‍ക്കരണ നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി

കോവിഡ് പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും കൊറോണ വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും തുടര്‍ ബോധവല്‍ക്കരണ, നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഐ. ഇ. സി കോവിഡ്-19 കോര്‍ഡിനേഷന്‍ കമ്മിറ്റ കര്‍മ്മ പദ്ധതി തയ്യാറാക്കി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയിലാണ് കര്‍മ്മപദ്ധതിയ്ക്ക് രൂപരേഖയായത്.

ഉത്സവങ്ങള്‍, കലാപരിപാടികള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും അനുമതി നിര്‍ബന്ധമാണ്. ഇത് ഉറപ്പാക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടേയോ മാഷ് പദ്ധതി അധ്യാപകരുടേയോ സാന്നിധ്യം പരിപാടികളില്‍ ഉറപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതിനൊപ്പം നിയന്ത്രണവും വേണം.

ടൂര്‍ണമെന്റുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പാസ് മുഖേന നിയന്ത്രിക്കാന്‍ സംഘാടക സമിതികള്‍ തയ്യാറാകണം. പാസ് അനുവദിക്കുന്നതിന് ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ നടപടി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയും അറിവും കൂടാതെ ഒരു പരിപാടിയും ആഘോഷങ്ങളും അനുവദിക്കില്ല.

ഉല്‍സവങ്ങള്‍ക്ക് ആഘോഷ കമ്മിറ്റികള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ സമിതി കൂടി രൂപീകരിക്കണം. സര്‍ക്കാര്‍ പരിപാടികളില്‍ കൂടുതല്‍ പേര്‍ സംബന്ധിക്കുന്നില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ജില്ലയില്‍ കര്‍ശനമാക്കും.

കളിയാട്ട കാവുകളില്‍ പലതിലും ഇത്തവണ തെയ്യം കെട്ട് ആചാരമായി ഒതുക്കി. മറ്റുള്ള ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഉത്സവങ്ങളും ഉറൂസുകളും പെരുന്നാളുകളും നടത്തുന്നതില്‍ ഇത് അനുകരണീയ മാതൃകയാക്കണം. വിവിധ മതനേക്കന്മാരുമായി ചര്‍ച്ച നടത്തി വിശ്വാസികള്‍ക്ക് നല്‍കാന്‍ പൊതു നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും.

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാന്‍ മാഷ് അധ്യാപകര്‍, പോലീസ് എന്നിവര്‍ പരിശോധന നടത്തണം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കേസെടുക്കാനുള്ള അധികാരം തുടരും. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമായി തുടരണം. മാസ്‌കില്ലാതെ വന്നാല്‍ സാധനങ്ങള്‍ കൊടുക്കില്ലെന്ന് വ്യാപാരികള്‍ തന്നെ തീരുമാനിക്കണം.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കോവിഡ് സന്ദേശങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യും. ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ കോവിഡ് സന്ദേശം എത്തിക്കാന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികളുടെയും ആരോഗ്യ വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും സഹകരണത്തോടെ ശബ്ദ സന്ദേശം തയ്യാറാക്കി വാഹന പ്രചരണം നടത്തും.

0Shares