സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു; കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദം: മുഖ്യമന്ത്രി

  • Post category:health / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു; കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ശതമാനം കുറഞ്ഞു. സെപ്‌തംബര്‍ 15ന് ശേഷമുള‌ള ഏ‌റ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് യു.കെയില്‍ ഉള്‍പ്പടെ സ്ഥിരീകരിച്ച ജനിതക വ്യതിയാനം വന്ന വൈറസുകളെ നേരിടാന്‍ ശേഷിയുണ്ട്.

അതിനാല്‍ ഈ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. 21 ലക്ഷം ഡോസ് വാക്‌സിന്‍ ഉടന്‍തന്നെ സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സൈറ്റായ കോവിന്‍ സൈ‌റ്റിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കൊവാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“വാക്സിനെടുക്കാൻ ജനങ്ങൾക്കിടയിൽ വിമുഖത ഉണ്ടായിരുന്നു. ഇപ്പോൾ, മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല റിസൽട്ട് ഐസിഎംആർ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീവ്രവലക്ഷണങ്ങളുള്ള കൊവിഡും കൊവിഡ് മരണങ്ങളും തടയാൻ ഈ വാക്സിനു കഴിയുമെന്നാണ് പുറത്തുവിട്ടിരിക്കുന്നത്.

അതുകൊണ്ട് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊവിഷീൽഡിനൊപ്പം കൊവാക്സിനും വിമുഖത ഒഴിവാക്കി സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാവണം.”- മുഖ്യമന്ത്രി വ്യക്തമാക്കി

0Shares