ജ്വലിക്കുന്ന ഓർമ്മയായി മാറി കോടിയേരി ബാലകൃഷ്ണൻ; പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ച പ്രിയ സഖാവിന് വിട ചൊല്ലി കേരളം

  • Post category:news / obitury
  • Reading time:1 min read
You are currently viewing ജ്വലിക്കുന്ന ഓർമ്മയായി മാറി കോടിയേരി ബാലകൃഷ്ണൻ; പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ച പ്രിയ സഖാവിന് വിട ചൊല്ലി കേരളം

മലയാളികളുടെ മനസുകളിൽ കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. കേരളത്തിലെ പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ച പ്രിയ സഖാവിന് വിട ചൊല്ലി കേരളം. പയ്യാമ്പലത്തെ കടല്‍ത്തീരത്ത് കോടിയേരി ബാലകൃഷ്ണന് ഇനി അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്.

മുന്‍ മുഖ്യമന്ത്രി ഇ. കെ നായനാരുടെയും ചടയന്‍ ഗോവിന്ദൻ്റെയും സ്മൃതി കൂടിരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചേര്‍ന്നാണ് മൃതദേഹം ശവമഞ്ചം താങ്ങിയത്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍, നേതാക്കളായ എ. വിജയരാഘവന്‍, പി. കെ ശ്രീമതി, എം. എ ബേബി എന്നിവര്‍ വിലാപയാത്രയെ കാല്‍നടയായി അനുഗമിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈയില്‍ നിന്ന് എത്തിയ ഭൗതി ശരീരം, ആദ്യം പൊതുദര്‍ശനത്തിന് വെച്ചത് തലശേരി ടൗണ്‍ ഹാളിലായിരുന്നു.

രാത്രിയോടെ മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാനായി ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിയേടെയാണ് വീട്ടില്‍ നിന്ന് മൃതദേഹം പാര്‍ട്ടി ഓഫീസായ അഴീക്കോടന്‍ രാഘവന്‍ സ്മാരകത്തില്‍ എത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ എന്നിവര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

0Shares