പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം,കണക്ക് ചോദിക്കാതിരിക്കാൻ ഇത് കമ്യൂണിസ്റ്റ് രാജ്യമല്ല : പ്രകൊപനവുമായി കെ.എം ഷാജി എം.എല്‍.എ

  • Post category:Kerala
  • Reading time:2 mins read
You are currently viewing പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം,കണക്ക് ചോദിക്കാതിരിക്കാൻ ഇത് കമ്യൂണിസ്റ്റ് രാജ്യമല്ല : പ്രകൊപനവുമായി കെ.എം ഷാജി എം.എല്‍.എ

ഭയപ്പെടുത്തി നിശബ്ദനാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കെ.എം ഷാജി എം.എല്‍.എ. പ്രളയ ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. കഴിഞ്ഞദിവസം എം.എൽ.എക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർ​ശങ്ങൾക്ക്​ മാധ്യമപ്രവർത്തകരോട്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. വികൃത മനസ്സ് ആര്‍ക്കാണെന്ന് ജനം തീരുമാനിക്കട്ടെ. താന്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത് പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണെന്നും കെ.എം ഷാജി പറഞ്ഞു. 8000 കോടി പ്രളയ ഫണ്ടിൽ ചെലവഴിച്ചത് 3000 കോടി മാത്രമാണ്. എം.എല്‍.എയുടെ കടം തീർക്കാൻ ലക്ഷങ്ങൾ നൽകി. 1000 കോടി രൂപ പ്രളയവുമായി ബന്ധമില്ലാത്ത റോഡുകളുടെ നിർമാണത്തിന് നൽകിയെന്നും കെ.എം ഷാജി ആരോപിച്ചു.

കോവിഡ് കാലം രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. കണക്ക് ചോദിക്കാതിരിക്കാൻ ഇത് കമ്യൂണിസ്റ്റ് രാജ്യമല്ല. പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ചോദിക്കാനും അവകാശമുണ്ടെന്ന് കെ.എം. ഷാജി പറഞ്ഞു. കൊടുത്താൽ മാത്രം മതി, ചോദിക്കേണ്ട എന്നാണോ നിലപാട്? ലീഗ് സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു, പിന്നെ ചോദിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷ എം.എൽ.എമാർ. ചോദിക്കേണ്ടത് ചോദിക്കും. ഇത് നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന പണമല്ല. മുഖ്യമന്ത്രി പി.ആർ വർക്കിന് കോടികൾ ചെലവഴിച്ചു. 2 കോടി രൂപയാണ് ഷുഹൈബിന്റെയും ഷുക്കൂറിന്റെയും കേസ് വാദിക്കാൻ നല്‍കിയത്. ഈ പണം നൽകിയത് എവിടെ നിന്നെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു.

കാക്കനാട്ടെ സഖാവ് പണം അടിച്ചു മാറ്റുമ്പോൾ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം ലഭിക്കാതെ വയനാട്ടിൽ ഒരാൾ ആത്മഹത്യ വരെ ചെയ്തു. പിണറായിയുടെ പഴയ മുഖം ആരും മറന്നിട്ടില്ലെന്നും ഷാജി പറഞ്ഞു. തന്നെ ആരും വിമർശിക്കാൻ പാടില്ലെന്നാണ് പിണറായിയുടെ നിലപാടെന്ന് എം.കെ മുനീർ പറഞ്ഞു. ഏക ഛത്രാധിപതിയാണ് താനെന്നാണ് പിണറായി പറയുന്നത്. മാസ്ക് വെച്ചാൽ മിണ്ടരുതെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നും മുനീർ പറഞ്ഞു.

കോവിഡിനെതിരായ പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കെ.എം ഷാജിക്ക് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽനിന്നു പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിക്കുകയുണ്ടായി.

0Shares