
കാസർകോട്: കോവിഡ്-19 അതിജീവനത്തിന്‍റെ ഭാഗമായി KL-14 വോളി പ്ലയേർസ് വാട്സ് ആപ്പ് ഗ്രൂപ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ച് നൽകി. ജില്ലാ വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കാണ് തുക കൈമാറിയത്. അസോസിയേഷൻ ഫണ്ട് സ്വരൂപിച്ചു നൽകുന്നുവെന്നറിഞ്ഞതിനെ തുടർന്നാണ് വാട്സ് ആപ്പ് കൂട്ടായ്മ സ്വമേധയാ പിരിച്ചെടുത്ത 23,300/- രൂപ സംഘടനാ ഭാരവാഹികളെ ഏൽപ്പിച്ചത്.

വിദ്യാർത്ഥികളായ കുഞ്ഞുതാരങ്ങൾ മുതൽ ദേശീയ താരങ്ങൾവരെയുള്ള ഈ വോളിബോൾ ഗ്രൂപ്പിന്‍റെ പ്രവർത്തനം നാടിനാകെ മാതൃകയായി. വോളിബാൾ പ്ലയേർസ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ജോബിൻ, മജീദ്, ഷഫീക്ക് കുറ്റിക്കോൽ, അരുൺഘോഷ്, അസീർ ഇന്ത്യൻ ആർമി താരം ഷെഫീഖ് റഹ് മാൻ തുടങ്ങിയവർ സംസ്ഥാന വോളിബാൾ വൈസ് പ്രസിഡന്റ് വിജയമോഹനന് തുക കൈമാറി. ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി ജയൻ വെള്ളിക്കോത്ത്, ട്രഷറർ ശിവജി വെള്ളിക്കോത്ത്, ഭാരവാഹികളായ ഷൈജു, അഭി മയ്യിൽ എന്നിവർ സംബന്ധിച്ചു.
രക്തം ദാനം നൽകാനും ഈ കൂട്ടായ്മ രംഗത്തുണ്ട്. ലോക്ക് ഡൗണിൽ ഈ സീസണിൽ നടക്കേണ്ട മത്സരങ്ങളെല്ലാം മുടങ്ങിയ പ്രാദേശിക കളിക്കാരുടെ സാമ്പത്തിക പ്രതിസന്ധിയിലും ആരും ആവശ്യപ്പെടാതെ ദുരിത ബാധിതരെ സഹായിക്കാൻ തയ്യാറായതിൽ ആരാധകർ പ്രകീർത്തിച്ചു.
