
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വിവാദമായി മാഗ്സസെ അവാർഡ് വിവാദം മാറിയിരിക്കുകയാണ്. രാഷ്ട്രീയ – കക്ഷി ഭേദമന്യേ , നിപ്പ, കോവിഡ് പ്രതിരോധങ്ങളിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും എല്ലാം പങ്കാളിയായിട്ടുണ്ട്. അതു കൊണ്ട് തന്നെ കൂട്ടായ ഒരു പ്രവർത്തനത്തിന് ലഭിക്കേണ്ട അംഗീകാരം ഒരു വ്യക്തിയിൽ ചുരുക്കി നൽകുന്നത് ഉചിതമല്ലന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ശൈലജ ടീച്ചർക്ക് തോന്നി.
അതാണ് അവാർഡ് സംബന്ധമായ അറിയിപ്പ് കിട്ടിയപ്പോൾ അവർ സി.പി.എം കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി അവാർഡ് നിരസിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡൻ്റിന്റെ പേരിലുള്ള ഈ അവാർഡ് വാങ്ങുന്നതിലെ അനൗചിത്യം കൂടി പരിഗണിച്ചാണ് ഒടുവിൽ ശൈലജ ടീച്ചർ അവാര്‍ഡ് നിരസിച്ചിരിക്കുന്നത്. അതാകട്ടെ ഒരു കമ്യൂണിസ്റ്റുകാരി സ്വീകരിക്കേണ്ട ശരിയായ നിലപാടുമാണ്.
കമ്യൂണിസ്റ്റുകളെ വേട്ടയാടാൻ നേതൃത്വം നൽകിയ മഗ്സെസൈയുടെ ചിത്രം ആലേഖനം ചെയ്ത മെഡലും പ്രശസ്തി പത്രവും കമ്യൂണിസ്റ്റുകാരിയായ ശൈലജ ടീച്ചറുടെ വീട്ടിൽ എത്തുന്നതിൽ തന്നെ വലിയ ശരികേടുണ്ട്. അവാർഡ് നിഷേധിച്ചത് വിവാദമാക്കുന്ന മാധ്യമങ്ങൾ ഇക്കാര്യവും ചർച്ച ചെയ്യാൻ തയ്യാറാകണം. അന്തർദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം കിട്ടുന്ന ഇത്തരം അവാർഡുകൾ നിരസിക്കാൻ കമ്യൂണിസ്റ്റുകൾ അല്ലാതെ മറ്റാരും തന്നെ തയ്യാറാകുകയുമില്ല. അതും ഒരു യാഥാർത്ഥ്യമാണ്.

ചരിത്രത്തിൽ ആദ്യമായി മാഗ്‌സസെ അവാർഡ് ഒരു രാഷ്ട്രീയ നേതാവിന് നൽകാൻ തീരുമാനിച്ചപ്പോൾ അത് റമോൺ മാഗ്സസെ ശക്തമായി എതിർത്ത ചുവപ്പ് രാഷ്ട്രീയത്തിന്റെ പ്രതിനിധിക്ക് തന്നെ നൽകാൻ തീരുമാനിച്ചത് എന്തായാലും അത്ഭുതപ്പെടുത്തുന്ന തീരുമാനം തന്നെയാണ്. ഇവിടെ കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുന്ന ഭരണകൂടത്തെയാണ് ഒടുവിൽ ടീം മാഗ്സസെക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നത്.
പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന വലിയ അവാർഡാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിൻ്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്നാണ് അറിയപ്പെടുന്നത്.
