അജ്‌മീറിലെ മസ്‌ജിദിനുള്ളില്‍ മുഖംമൂടി ധാരികള്‍ കയറി; ഇമാമിനെ അടിച്ചു കൊന്നു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

  • Post category:national / news
  • Reading time:2 mins read
You are currently viewing അജ്‌മീറിലെ മസ്‌ജിദിനുള്ളില്‍ മുഖംമൂടി ധാരികള്‍ കയറി; ഇമാമിനെ അടിച്ചു കൊന്നു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അജ്‌മീർ: രാജസ്ഥാനിലെ അജ്‌മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്ന് മുഖം മൂടിധാരികള്‍. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്‌ജിദിനുള്ളില്‍ ശനിയാഴ്‌ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് കൊല്ലപ്പെട്ടത്.

ഈ സമയം ആറ് കുട്ടികളും പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവിയെ മരിക്കുന്നതുവരെ മർദിച്ചു. ബഹളം വച്ചാല്‍ കൊന്നു കളയുമെന്ന് അക്രമികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദൗറായിലെ കാഞ്ചൻ നഗർ ഏരിയയിലെ പള്ളിയില്‍ ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് രാംഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ രവീന്ദ്ര സിങ് പറഞ്ഞു. പള്ളിയില്‍ പഠിക്കുന്ന ചില കുട്ടികളും ഇവിടെ താമസിച്ചിരുന്നു. സംഭവ സമയം ആറ് കുട്ടികളാണ് പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നത്. ഇതേ പള്ളിയിലാണ് മൗലാന മാഹിറും താമസിച്ചിരുന്നത്.

രാത്രി മൂന്നു മണിയോടെ കുട്ടികള്‍ നിലവിളിച്ചു കൊണ്ട് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സമീപവാസികള്‍ ഉണർന്നു. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മസ്‌ജിദിന് പിന്നില്‍ നിന്നാണ് അക്രമികള്‍ എത്തിയത്. മൗലവിയെ കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്.

സംഭവത്തിൻ്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാനും പൊലീസ് പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്ന് വ്യക്തികളാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അക്രമികളെക്കുറിച്ചും കൊലപാതകത്തിൻ്റെ കാരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദ്ദേഹം ഞങ്ങളോടൊപ്പം ഉറങ്ങുകയായിരുന്നു. പെട്ടെന്ന് മൂന്ന് അക്രമികള്‍ വടികളുമായി മുറിയിലേക്ക് കടന്നുവന്നു. മൂവരും വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. ഞങ്ങള്‍ എല്ലാവരും ഉണർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമികള്‍ ഞങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് മൗലാനാ സാഹിബിനെ വടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയത്. ഇതിന് ശേഷം അവർ ഓടി രക്ഷപ്പെട്ടു’- കുട്ടികള്‍ പറഞ്ഞു.

ഒക്‌ടോബർ 28ന് പള്ളിയിലെ ചീഫ് ഇമാം മൗലാന മുഹമ്മദ് സാഹിറിൻ്റെ മരണ ശേഷമാണ് മാഹിറിനെ ചീഫ് ഇമാം ആക്കിയത്. ഏഴ് വർഷം മുമ്പ് രാംപൂരില്‍ നിന്ന് ഇവിടെയെത്തിയ‌ അദ്ദേഹം ഇവിടെ താമസിച്ച്‌ പള്ളിയിലെ ജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കുകയും ചെയ്‌തു വരികയായിരുന്നു. 15 കുട്ടികളാണ് മൗലാനയ്‌ക്കൊപ്പം പള്ളിയില്‍ താമസിച്ചിരുന്നത്.

0Shares