
കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെ പരവനടുക്കം പാലിച്ചിയടുക്കത്തെ കുളത്തില്‍ മുങ്ങിമരിച്ച ഏഴുവയസുകാരൻ ഷുവൈസിൻ്റെ പോസ്റ്റുമോര്‍ട്ടമായി ബന്ധപ്പെട്ടു ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും എം.എൽ.എ എൻ. എ നെല്ലിക്കുന്നിന് മുന്നിൽ മുട്ടുമടക്കി.
ഇന്നലെ വൈകിട്ട് അഞ്ചരക്കാണ് ദേളി സഅദിയ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയും കാസര്‍കോട്ടെ ചുമട്ടുതൊഴിലാളി പരവനടുക്കം പാലിച്ചിയടുക്കത്തെ സവാദുല്ലയുടേയും ഫസീലയുടേയും മകനുമായ മുഹമ്മദ് ഷവൈസ് മുങ്ങിമരിച്ചത്. കളി കഴിഞ്ഞ് മൂന്ന് കൂട്ടുകാരോടൊപ്പം മീന്‍ കുളം കാണാന്‍ ചെന്നതായിരുന്നു ഷവൈസ്. അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.
ഷവൈസ് മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തി ദേളിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തംഗം ബദറുല്‍മുനീറും പഞ്ചായത്തംഗം അമീര്‍ പാലോത്തും മരിച്ച കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും രാത്രി ഇന്‍ക്വസ്റ്റ് നടത്താന്‍ ബേക്കൽ പൊലീസ് തയ്യാറായില്ല.
ഇതിനെ തുടർന്ന് എൻ.എ നെല്ലിക്കുന്ന് എം. എൽ. എ യെ ബന്ധപെടുകയും എം. എൽ. എ മേൽ ഉദ്യോഗസ്ഥരെ വിളിച്ചു ഹൈകോടതി വിധിയെ കുറിച്ച് ഓർമ്മപ്പെടുത്തുകയുണ്ടായി. പിന്നാലെ തന്നെ രാത്രി 9.45ഓടെ ദേളിയിലെ ആസ്പത്രിയിലെത്തി ഇന്‍ക്വസ്റ്റിന് ബേക്കൽ പൊലീസ് തയ്യാറായി. തുടർന്ന് മയ്യത്ത് പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് വരികയും ചെയ്തു. പിന്നെ തടസ്സങ്ങൾ അവിടെയായിരുന്നു ഉണ്ടായത്.

ഡ്യൂട്ടിയില്‍ ഒരു ഡോക്ടര്‍ മാത്രമുള്ളത് കൊണ്ട് അദ്ദേഹത്തിന് ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അസൗകര്യമുണ്ടെന്നും പറഞ്ഞ് ആസ്പത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ട നടപടിക്ക് തടസ്സമുന്നയിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് നോക്കുകുത്തിയാക്കരുതെന്നും ഏതുവിധേനയും വിധി നടപ്പിലാക്കാന്‍ തയ്യാറാവണമെന്നും രാത്രി തന്നെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും എം.എല്‍.എ ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തിൽ ഡി. എം. ഓ യെ വിളിച്ചു ആവശ്യപ്പെടുകയും പോസ്റ്റമോർട്ടം നടത്താൻ തയ്യാറാല്ലങ്കിൽ നാളെ ഹൈകോടതി വിധി നടപ്പിലാക്കുന്നത്തിൽ ഉദ്യോഗസ്ഥരുടെ വിഴ്ച്ച ചൂണ്ടി കാണിച്ചു ഹൈകോടതിയെ സമീപ്പിക്കുമെന്നും അങ്ങിനെ ഉണ്ടായാൽ കോടതി കയറി ഇറങ്ങേണ്ടി വരുമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ ആരോഗ്യവകുപ്പ് പോസ്റ്റ് മോർട്ടം ചെയ്യാൻ തയ്യാറായി. പുലർച്ചെ രണ്ട് മണിയോടെ പോസ്റ്റുമോർട്ടം ചെയ്ത് സുബഹി നിസ്കാര ശേഷം മയ്യത്ത് കബറടക്കുകയും ചെയ്തു.
ഒരാള്‍പോലും അപകടത്തിലോ ദുരന്തങ്ങളിലോ മരണപ്പെടരുതെന്നും പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് വിധേയരാവരുതെന്നുമാണ് ആഗ്രഹമെങ്കിലും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി നടത്തിയ പോരാട്ടം വിജയം കണ്ടതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ആശ്വാസമുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. രണ്ടുമാസം മുൻപ് പുറപ്പെടുവിച്ച ഹൈക്കോടതി വിധി ഉണ്ടായിട്ടും ഒരിടത്തും രാത്രികാല പോസ്റ്റുമോര്‍ട്ടം നടന്നില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആദ്യം തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി ലംഘിച്ചാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം ചൂണ്ടിക്കാണിച്ചപ്പോഴാണ് പോസ്റ്റുമോര്‍ട്ട നടപടികളിലേക്ക് അധികൃതര്‍ നീങ്ങിയത്. ഉറ്റവര്‍ അപകടത്തിലോ ദുരന്തത്തിലോ മരണപ്പെടുന്നു എന്നത് തന്നെ ബന്ധുക്കളെ സംബന്ധിച്ചിടത്തോളം വലിയ വേദനയാണ്.
മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ രാത്രിമുഴുവനും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതി ദയനീയമാണ്. ഇത്തരമൊരു വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന വിധി സമ്ബാദിക്കാനും കാസര്‍കോട്ട് ആദ്യമായി അത് പ്രാബല്യത്തില്‍ വരുത്താനും കഴിഞ്ഞതില്‍ ജനപ്രതിനിധി എന്ന നിലയില്‍ അഭിമാനമുണ്ടന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
