അദാനിക്ക് വിഴിഞ്ഞം കൊടുത്തെങ്കില്‍ എന്താ, കേരളത്തിൻ്റെ കൈയിലിരിക്കുന്നത് വൻ വികസന നേട്ടം; 6000 കോടിയുടെ ജലപാത ഒരുങ്ങുന്നു

You are currently viewing അദാനിക്ക് വിഴിഞ്ഞം കൊടുത്തെങ്കില്‍ എന്താ, കേരളത്തിൻ്റെ കൈയിലിരിക്കുന്നത് വൻ വികസന നേട്ടം; 6000 കോടിയുടെ ജലപാത ഒരുങ്ങുന്നു

തിരുവനന്തപുരം: കോവളം മുതല്‍ കാസര്‍കോട് ജില്ലയിലെ ബേക്കല്‍ വരെ നീളുന്ന 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉള്‍നാടന്‍ ജലപാത വികസിപ്പിക്കുന്ന വന്‍പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ആറായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 300 കോടി രൂപയോളം ചെലവഴിച്ചുകഴിഞ്ഞു. കിഫ്ബിയുടേതാണ് സാമ്പത്തികസഹായം.

കോട്ടപ്പുറം മുതല്‍ കോഴിക്കോട് കല്ലായിവരെ പാത ദീര്‍ഘിപ്പിച്ച്‌ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവച്ചിരുന്നു. ബാക്കി ഭാഗമാണ് സംസ്ഥാന സര്‍ക്കാര്‍ വികസിപ്പിക്കുക. കോവളം മുതല്‍ കൊല്ലം വരെയും കോഴിക്കോട് മുതല്‍ ബേക്കല്‍ വരെയും നിലവിലുള്ള ജലപാതകളും കനാലുകളും വികസിപ്പിക്കുകയും കൃത്രിമ കനാലുകള്‍ നിര്‍മ്മിച്ചും പരസ്പരം ബന്ധിപ്പിച്ചുമാണ് പദ്ധതി നടപ്പാക്കുക.

ചരക്കുനീക്കം, യാത്രാസൗകര്യം എന്നിവയിലൂടെ പ്രാദേശിക വികസനവും ടൂറിസം പ്രോത്സാഹനവും ഉറപ്പാക്കി ജലപാത അധിഷ്ഠിതമായ സാമ്പത്തിക ഇടനാഴിയായി വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയെ മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാന ജലപാത പദവി നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ഗണന നല്‍കി ആരംഭിച്ച പദ്ധതിയാണിത്. അദ്ദേഹം ചുമതല വഹിക്കുന്ന കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാല്‍) ചേര്‍ന്ന് രൂപീകരിച്ച കേരള വാട്ടര്‍ വേയ്‌സ്‌ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡ് (ക്വില്‍) എന്ന കമ്പനിയാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. 2017 ഒക്ടോബറിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

കോവളം മുതല്‍ ബേക്കല്‍ വരെ 40 മീറ്റര്‍ വീതിയിലും 2.20 മീറ്റര്‍ ആഴത്തിലും കനാലുകള്‍ വികസിപ്പിക്കും. ഇതുവഴി വന്‍തോതില്‍ ചരക്കുനീക്കം നടത്തുക, ടൂറിസം പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങള്‍. മലബാര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പദ്ധതി പുതുജീവന്‍ നല്‍കും. അറിയപ്പെടാത്ത നിരവധി ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും പദ്ധതി സഹായകമാകുമെന്ന് ക്വില്‍ അധികൃതര്‍ പറഞ്ഞു.

കോവളം -വര്‍ക്കല പുനരധിവാസം

തിരുവനന്തപുരം ജില്ലയിലെ കോവളം മുതല്‍ വര്‍ക്കല വരെ കനാല്‍ വീതി കൂട്ടല്‍ ആരംഭിച്ചു. കനാല്‍ തീരത്ത് താമസിക്കുന്നവരും കൈയേറിയവരുമായ 1360 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. 247.2 കോടിരൂപ ഇതിനായി കിഫ്ബി അനുവദിച്ചു. കനാല്‍ വികസനത്തിന് 19 ഏക്കര്‍ സ്ഥലം പലയിടങ്ങളായി ഏറ്റെടുക്കണം. ഇതിനായി 66 കോടി രൂപ കിഫ്ബി നല്‍കി.

പാര്‍വതി പുത്തനാര്‍

കോവളം മുതല്‍ ആക്കുളം കായല്‍ വരെ 16 കിലോമീറ്റര്‍ ദൂരത്തില്‍ പാര്‍വതി പുത്തനാര്‍ വീതിയും ആഴവും കൂട്ടി വികസിപ്പിക്കുന്ന ജോലികള്‍ തുടരുകയാണ്. തീരങ്ങള്‍ സൗന്ദര്യവത്കരിക്കുക, ജെട്ടികള്‍ നിര്‍മ്മിക്കുക തുടങ്ങിയവയും ഉള്‍പ്പെട്ടതാണ് പദ്ധതി. 183 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കനോലി കനാല്‍

കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാല്‍ നവീകരണമാണ് പദ്ധതി. കനാലിന് വീതികൂട്ടി യാത്രയ്ക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം.

കനാലിലെ പഴയ പാലങ്ങള്‍ പൊളിച്ച്‌ ബോട്ടുകള്‍ക്ക് പോകാവുന്ന വിധത്തില്‍ ഉയര്‍ത്തിപ്പണിയണം. 118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലീ അസോസിയേറ്റ്സ് എന്ന സ്ഥാപനം തയ്യാറാക്കിവരുകയാണ്.

കണ്ണൂരില്‍ പുതിയ കനാല്‍

കണ്ണൂര്‍ ജില്ലയില്‍ മാഹിക്കും വളപട്ടണം പുഴയ്ക്കുമിടയില്‍ മൂന്ന് സ്ഥലങ്ങളില്‍ ജലപാതയെ ബന്ധിപ്പിക്കാന്‍ കനാലില്ല. ഇവിടങ്ങളില്‍ പുതിയ കനാല്‍ നിര്‍മ്മിക്കും. 26 കിലോമീറ്റര്‍ ദൂരത്തിലാണ് കരകീറി കാനാല്‍ സൃഷ്ടിക്കേണ്ടത്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്.

കാസര്‍കോട്ടും പുതിയ കനാല്‍

കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തിനും ബേക്കലിനുമിടയിലും പുതിയ കനാല്‍ നിര്‍മ്മിക്കും. ആറര കിലോമീറ്റര്‍ ദൂരത്തിലാണ് ചിത്താരിപ്പുഴയെ ബന്ധിപ്പിച്ച്‌ കനാല്‍ നിര്‍മ്മിക്കുക. 278 കോടി രൂപയാണ് ചെലവ്. കിഫ്ബി അംഗീകാരം നല്‍കി. സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചു.

ആറായിരം കോടി ചെലവ്

കോവളം മുതല്‍ ബേക്കല്‍ വരെ വെസ്റ്റ് കോസ്റ്റ് കനാലും അനുബന്ധ കനാലുകളും നിര്‍മ്മിക്കുകയാണ് പദ്ധതിയെന്ന് ക്വില്‍ അധികൃതര്‍ പറഞ്ഞു. ബാര്‍ജുകളില്‍ ചരക്കുനീക്കവും യാത്രാ, ടൂറിസം ബോട്ടുകളുടെ സര്‍വീസും വര്‍ദ്ധിപ്പിക്കും. വാട്ടര്‍ മെട്രോ, സ്പീഡ് ബോട്ട് സര്‍വീസ്, ഹൗസ് ബോട്ടുകള്‍ എന്നിവയ്ക്ക് സഞ്ചരിക്കാനും കഴിയുന്ന വിധത്തിലാണ് കനാലുകള്‍ വികസിപ്പിക്കുക. ജലപാതയെ സാമ്പത്തിക ഇടനാഴിയായി വളര്‍ത്താനാകും വിധമാണ് ആസൂത്രണം.

ആറായിരം കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന് ബഡ്‌ജറ്റ് വിഹിതമായി ലഭിക്കുന്ന തുകയും ഉപയോഗിക്കും. ബാക്കി തുക കിഫ്ബിയാണ് ലഭ്യമാക്കുക. ജലപാതകള്‍ വികസിപ്പിച്ചശേഷം ബോട്ട് ജെട്ടികള്‍, ചരക്ക് ടെര്‍മിനലുകള്‍, ഗോഡൗണുകള്‍ എന്നിവയും നിര്‍മ്മിക്കും.

ലക്ഷ്യങ്ങള്‍

കോവളം മുതല്‍ ബേക്കല്‍ വരെ തുടര്‍ച്ചയായ ജലഗതാഗത സംവിധാനം, കേരളമാകെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും ശക്തിയും പകരുക, ഓരോ 20- 25 കിലോമീറ്ററിനിടയില്‍ വിനോദസഞ്ചാര ഗ്രാമങ്ങളും ആക്ടിവിറ്റി സെന്ററുകളും സ്ഥാപിക്കുക,
അപകടകരമായ വസ്തുക്കളുടെ നീക്കം റോഡുകളില്‍ നിന്ന് 2025 ഓടെ ഒഴിവാക്കി ജലമാര്‍ഗമാക്കുക, വെസ്റ്റ് കോസ്റ്റ് കനാല്‍, കോവളം ബേക്കല്‍ 620 കിലോമീറ്റര്‍, ദേശീയപാതയ്ക്ക് സമാന്തരമായി കനാല്‍, കൊല്ലം കോട്ടപ്പുറം ദേശീയജലപാത 168 കിലോമീറ്റര്‍, കോട്ടപ്പുറം കല്ലായി (കോഴിക്കോട്) ദേശീയജലപാത 160 കിലോമീറ്റര്‍.

0Shares