കേരളത്തില്‍ ടൂറിസം രംഗം വീണ്ടും ഉണരുന്നു, തിങ്കളാഴ്ച മുതല്‍ ബീച്ചുകള്‍ ഒഴികെയുളള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കും

  • Post category:news / tourism
  • Reading time:1 min read
You are currently viewing കേരളത്തില്‍ ടൂറിസം രംഗം വീണ്ടും ഉണരുന്നു, തിങ്കളാഴ്ച മുതല്‍  ബീച്ചുകള്‍ ഒഴികെയുളള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കും

കേരളത്തിൽ ബീച്ചുകള്‍ ഒഴികെയുളള ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമേ പ്രവേശനം അനുവദിക്കൂ.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും,സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.

ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. എന്നാല്‍,ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല.ഇതിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.

0Shares