
കേരള ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ തട്ടിയെന്നാരോപിച്ച് യുവതി ബസ് തടഞ്ഞു. ഇന്നലെയായിരുന്നു സംഭവം. മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് കെ.എസ്ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസിനെതിരെയാണ് ആക്രമണമുണ്ടായത്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസ് യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ കുറുകെയിട്ട് ബസ് തടഞ്ഞ യുവതി ഡ്രൈവര്‍ സീറ്റിൻ്റെ വാതില്‍ തുറന്ന് ബസിനകത്ത് പ്രവേശിച്ച് ജീവനക്കാരോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസിൻ്റെ വലതുവശത്തെ കണ്ണാടി അടിച്ചുതകര്‍ത്തു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൈസൂരു പോലീസ് ബസ് സ്റ്റേഷനിലെത്തിച്ച് രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂകയുള്ളൂ എന്നറിയിച്ചു. തുടര്‍ന്ന് സംഭവം കോഴിക്കോട് ഹെഡ്ഓഫീസില്‍ അറിയിച്ചശേഷം ബസ് യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ഇരുവരും രേഖാമൂലം പരാതി നല്‍കാതിരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ബസ് വിട്ടു നല്‍കിയതെന്ന് കര്‍ണാടക പോലീസ് പറഞ്ഞു.
