
കാസറഗോഡ്: കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. എല്ലാ ജനപ്രതിനിധികൾക്കും ആശംസ അർപ്പിച്ച ശേഷം വരണാധികാരിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ രാമപ്പ മഞ്ചേശ്വരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 74 വയസുള്ള രാമപ്പ ബദിയടുക്ക ഡിവിഷനെ പ്രതി നിധീകരിച്ച് വിജയിച്ച ഏക ബി.ജെ.പി അംഗമാണ്.

രാമപ്പ മഞ്ചേശ്വര മറ്റു ഡിവിഷനുകളിലെ ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വോർക്കാടി ഡിവിഷനിലെ അലി ഹർഷാദ് വോർക്കാടി, പുത്തിഗൈ ഡിവിഷനിലെ ജെ.എസ് സോമശേഖര, ദേലമ്പാടി ഡിവിഷനിലെ ഒ വത്സല, കുറ്റിക്കോൽ ഡിവിഷനിലെ സാബു എബ്രഹാം, കള്ളാർ ഡിവിഷനിലെ റീന തോമസ്, ചിറ്റാരിക്കൽ ഡിവിഷനിലെ ബിൻസി ജെയ്ൻ, കയ്യൂർ ഡിവിഷനിലെ കെ കൃഷ്ണൻ ഒക്ലാവ്, പീലിക്കോട് ഡിവിഷനിലെ എം മനു, ചെറുവത്തൂർ ഡിവിഷനിലെ ഡോ. സെറീന സലാം, മടിക്കൈ ഡിവിഷനിലെ കെ സബീഷ്, പെരിയ ഡിവിഷനിലെ കെ.കെ സോയ, ബേക്കൽ ഡിവിഷനിലെ ടി.വി രാധിക, ഉദുമ ഡിവിഷനിലെ സുകുമാരി ശ്രീധരൻ, ചെങ്കള ഡിവിഷനിലെ ജസ്‌ന മനാഫ്, സിവിൽ സ്റ്റേഷൻ ഡിവിഷനിലെ പി.ബി ഷെഫീക്ക്, കുമ്പള ഡിവിഷനിലെ അസീസ് കളത്തൂർ, മഞ്ചേശ്വരം ഡിവിഷനിലെ ഇർഫാന ഇഖ്ബാൽ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവരും എ.ഡി.എം പി.അഖിൽ, എൽ.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ ആർ ഷൈനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ ഭരണസമിതി യോഗം ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ നടന്നു. മുതിർന്ന ജനപ്രതിനിധി രാമപ്പ മഞ്ചേശ്വര അധ്യക്ഷനായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു സ്വാഗതം പറഞ്ഞു. അംഗങ്ങൾ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൻ്റെ തിരഞ്ഞെടുപ്പ് 27ന് രാവിലെ പത്തരയ്ക്കും വൈസ് പ്രസിഡന്റിൻ്റെ തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കും ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഹാളിൽ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
