വളര്‍ന്നുവരുന്ന തലമുറയില്‍ സര്‍ക്കാറിന് ഏറെ പ്രതീക്ഷയുണ്ട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ

  • Post category:local news / news
  • Reading time:1 min read
You are currently viewing വളര്‍ന്നുവരുന്ന തലമുറയില്‍ സര്‍ക്കാറിന് ഏറെ പ്രതീക്ഷയുണ്ട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ

കാസർകോട്: പുതു തലമുറയില്‍ സംസ്ഥാന സര്‍ക്കാറിന് വലിയ പ്രതീക്ഷയുണ്ടെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. പെരിയ ഗവണ്‍മെന്റ് പോളി ടെക്നിക് കോളേജില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന കേരള റീബില്‍ഡ് ഹാക്കത്തോണിന്‍റെ സമാപന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത രണ്ട് പ്രളയങ്ങള്‍ കേരളത്തെ വിഴുങ്ങിയപ്പോഴായിരുന്നു ഏതോ സ്വപ്നലോകത്ത് വിഹരിക്കുന്നവരെന്ന് സമൂഹം മുദ്രകുത്തിയ യുവാക്കളുടെ ശക്തി നാം തിരിച്ചറിഞ്ഞത്. അവരുടെ കൈകളിലെ മൊബൈല്‍ ഫോണുകളിലൂടെ അവര്‍ ഇന്ദ്രജാലം കാട്ടി.

യുവാക്കളുടെ ശാരീരികമായും മാനസീകമായുമുള്ള അകമഴിഞ്ഞ സേവന പ്രവര്‍ത്തനങ്ങള്‍ കേരളം കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറിന് പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്. ദുരന്ത മുന്നറിയിപ്പ് നല്‍കുന്ന സങ്കേതിക വിദ്യകള്‍ വികസിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളും സര്‍ക്കാറിന് ആവശ്യമാണ്. പൊതു ജനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വിശ്വസിക്കുന്നുണ്ട്. റീ സര്‍വ്വേ തുടങ്ങിയ വലിയ പ്രവര്‍ത്തികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കാവുന്ന പുതിയ സേവനങ്ങള്‍ വകുപ്പിന് ആവശ്യമാണ്.

നല്ല വീക്ഷണ പാടവമുള്ള, ഗൗരവമുള്ള, നിലവിലെ സ്ഥിതിഗതികള്‍ പഠിച്ച് അപഗ്രഥിച്ച് പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാറിന് മുന്നില്‍ നിരത്താന്‍ പുതു തലമുറ രംഗത്തെത്തുന്നത് വലിയ കാര്യമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന വിദ്യാര്‍ത്ഥികളേയും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ജൂറിയേയും സംഘാടകരേയും മന്ത്രി പ്രശംസിച്ചു.

ചടങ്ങില്‍ അസാപ്പ് സംസ്ഥാന കോ-ഓഡിനേറ്റര്‍ ടി.വി ഫ്രാന്‍സിസ്, റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് കണ്‍വീണര്‍ അബ്ദുള്‍ ജബ്ബാര്‍, പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ പി.വൈ സോളമന്‍, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ രാഹുല്‍ ബി. മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മന്ത്രി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാതൃകകളെക്കുറിച്ച് വിവിധ ടീമുകളുമായി സംവദിച്ചു.

0Shares