ചൂടിൽ ഉരുകുന്ന കേരളം; കണ്ണൂരും പാലക്കാടും 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ; ഈ വർഷത്തെ റെക്കോർഡ് ചൂട് പാലക്കാട്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ചൂടിൽ ഉരുകുന്ന കേരളം; കണ്ണൂരും പാലക്കാടും 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ; ഈ വർഷത്തെ റെക്കോർഡ് ചൂട് പാലക്കാട്

കേരളത്തിൽ ഈ വർഷത്തെ റെക്കോർഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. 39.9 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പാലക്കാട്ടെ ചൂട്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്–38.9 ഡിഗ്രി സെൽഷ്യസ്. എറണാകുളമാണ് മൂന്നാം സ്ഥാനത്ത്–38.2 ഡിഗ്രി സെൽഷ്യസ്. ഇടുക്കിയിലാണ് താപനില ഏറ്റവും കുറവ്–32 ഡിഗ്രി സെൽഷ്യസ്.

കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2013ൽ മേയ് ഒന്നിന് പാലക്കാട് 40.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍മഴ ലഭിക്കുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല.

തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് മധ്യകേരളത്തില്‍ പൊതുവേ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ചിലയിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളില്‍ താപനില ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ

  • പൊതുജനങ്ങള്‍ പകൽ 11 മുതല്‍ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
0Shares