
കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം രംഗം വീണ്ടും കുതിച്ചുയരുമെന്നും കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 14 ജില്ലകളിലായി പൂര്‍ത്തീകരിച്ച 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ടൂറിസം വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് വെല്ലുവിളി വന്നതെന്നും 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും ഉണ്ടായി. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി.

കോവിഡ് കാലം അതിജീവിക്കുന്നതോടെ ടൂറിസം രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ കഴിയും എന്നതില്‍ സംശയമില്ലെന്നും അതിന് ടൂറിസം മേഖലയെ പര്യാപ്തമാക്കുന്നതിനാണ് സര്‍ക്കാറിന്‍റെ 100 ദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 26 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യ വത്ക്കരണ പരിപാടിയുമാണ് കാസര്‍കോട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും. ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണത്തില്‍ ലോകമെങ്ങും അറിയപ്പെടുന്ന കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പദ്ധതികളെല്ലാം മുതല്‍കൂട്ടാകും.
വായു, മണ്ണ്, ജലം, ജീവജാലങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു നാടിന്‍റെ പൊതു സ്വത്താണ്. കേരളത്തിന്‍റെ ഈ പൊതു സ്വത്തിനെയാണ് നാം ടൂറിസം ആകര്‍ഷണ മേഖലയാക്കി മാറ്റിയിരിക്കുന്നത്. പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാതെ തന്നെ പരമാവധി സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ നാം ഒട്ടും നിരാശപ്പെടേണ്ടതില്ലെന്നും വികസന മുന്നേറ്റങ്ങള്‍ക്കുള്ള സമയമായി വേണം ഈ കാലത്തെ നാം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
