
തളിപ്പറമ്പ് / കണ്ണൂർ: ആഗോള തലത്തിലുള്ള വിദഗ്ദ്ധരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും നല്ല മികവിൻ്റെ കേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രമായി.

ഇൻ്റെര്‍നാഷണല്‍ സെൻ്റെര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ്- കേരള എന്ന് പേരിട്ട കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജിൻ്റെയും ഹോസ്റ്റലിൻ്റെയും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കില ഡയരക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു . വി.ശിവദാസന്‍ എം.പി, പി.സന്തോഷ് കുമാര്‍ എം.പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ, കെ.വി സുമേഷ് എം.എല്‍.എ, കെ.പി മോഹനന്‍ എം.എല്‍.എ, പി.പി ദിവ്യ, ഡോ.ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍, പി.മുകുന്ദന്‍, പി.പി ഷാജിര്‍, സി.എം കൃഷ്ണന്‍, കെ.കെ രത്നകുമാരി, റോബര്‍ട്ട് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കെ.സന്തോഷ് സ്വാഗതവും എ.പി ഹംസക്കുട്ടി നന്ദിയും പറഞ്ഞു.

കേരളത്തില്‍ 30 മികവിൻ്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. അതില്‍ ഒന്ന് കില കാമ്പസിലാണ്. മറ്റൊന്ന് ആയുര്‍വേദ രംഗത്ത് കല്യാടാണ് തുടങ്ങുന്നത്. ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങും. നാല് വര്‍ഷത്തിനുള്ളില്‍ തന്നെ 30 കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലതല്ലാത്ത ചില കാര്യങ്ങള്‍ വാശിയോടെ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനെ ചെറുക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
