
കെ റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന് കേരളം നല്കിയ വിശദീകരണം പുറത്ത്. കെറെയിലിൽ പ്രതിദിനം 79,000 യാത്രക്കാർ ഉണ്ടാവുമെന്നാണ് കേരളം വ്യക്തമാക്കുന്നത്. ഡി.എം.ആർ.സി നേരത്തെ നടത്തിയ പഠനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്. ഒരു ലക്ഷം യാത്രക്കാർ കേരളത്തിൽ പ്രതിദിനം അതിവേഗ തീവണ്ടിയിൽ യാത്ര ചെയ്യാനുണ്ടാവും എന്നത് ഡി.എം.ആർ.സിയുടെ പഠനത്തിൽ ഉണ്ടെന്നും എന്നാൽ 79,000 പേരെ മാത്രമേ പ്രൊജ്ക്ട് റിപ്പോർട്ടിൽ ചേർക്കുന്നൂള്ളൂവെന്നും കേരളം വിശദീകരിക്കുന്നു.
ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരെ കൂട്ടാതെയാണ് ഈ കണക്കെന്നും കേരളം വ്യക്തമാക്കുന്നു. സിൽവർ ലൈനിന് പകരം ഒരു അതിവേഗ തീവണ്ടിപാത എന്തു കൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദ്യത്തിന് ഭാരിച്ച ചിലവ് കാരണമാണ് അർധ അതിവേഗ തീവണ്ടി എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്ന് സംസ്ഥാനം വ്യക്തമാക്കുന്നു.

അതിവേഗ തീവണ്ടി പാതയുടെ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് 210 കോടി വേണ്ടി വരുമ്പോൾ സെമി ഹൈ സ്പീഡിൽ കിലോമീറ്ററിന് 120 കോടി മതിയാവും എന്നാണ് കേരളം പറയുന്നത്. പദ്ധതി വൈകുന്നതിനാൽ ചിലവ് കൂടിയേക്കാം എന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുന്നു. 69000 കോടി രൂപയ്ക്ക് പദ്ധതി തീർക്കാനാവുമോ എന്ന കേന്ദ്രത്തിൻ്റെ സംശയത്തിന് ഒരോ വർഷം വൈകും തോറും അഞ്ച് ശതമാനം നിർമ്മാണ ചിലവ് കൂടും എന്നാണ് സംസ്ഥാനം നൽകുന്ന മറുപടി.
നിലവിലെ അവസ്ഥയിൽ 2026-ൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ സാധിക്കൂവെന്നും കേരളം പറയുന്നു. അധികചിലവുണ്ടായാൽ അത് സംസ്ഥാനം വഹിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
