തീരുമോ കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍? ; ശോഭയെ കോര്‍കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി സുരേന്ദ്രന്‍റെ മറുപടി; എ.എൻ രാധാകൃഷന് ക്ഷണം

  • Post category:news
  • Reading time:1 min read
You are currently viewing തീരുമോ കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍? ; ശോഭയെ കോര്‍കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി സുരേന്ദ്രന്‍റെ മറുപടി; എ.എൻ രാധാകൃഷന് ക്ഷണം

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി കെ.സുരേന്ദ്രന്‍റെ മറുപടി. ഇതോടെ കോർ-കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം ഇല്ലാതായി. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനും വർഷങ്ങളായി കോർ-കമ്മിറ്റിയിലെ ഏക സ്ത്രീസാന്നിധ്യമായിരുന്നു.

ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കുന്ന ശോഭാ സുരേന്ദ്രനുവേണ്ടി സമ്മർദം ചെലുത്താൻ ആരും ഇല്ലാത്ത സ്ഥിതിയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷംവരെ സുരേന്ദ്രന് എതിരാളിയായി ശോഭാ സുരേന്ദ്രൻ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശോഭയ്ക്ക് കിട്ടിയില്ലെങ്കിൽ ദേശീയതലത്തിൽ ശോഭയ്ക്ക് പരിഗണന കിട്ടിയേക്കുമെന്നതിനാൽ, അവരെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി ചിറകരിയുകയാണ് മുരളീധരവിഭാഗം ചെയ്തതെന്ന് ആക്ഷേപമുണ്ട്.

വൈസ് പ്രസിഡന്റാക്കിയതോടെ ദേശീയതലത്തിൽ സ്ഥാനങ്ങൾ കിട്ടാനുള്ള അവസരം ഒഴിവായതിനൊപ്പം സംസ്ഥാന കോർ-കമ്മിറ്റിയിൽനിന്നും ശോഭയെ തഴഞ്ഞു.അതേസമയം കൃഷ്ണദാസ് പക്ഷത്തെ പ്രധാന നേതാവായ മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെ ബി.ജെ.പി. കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി. കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നടക്കുന്ന കോർ കമ്മിറ്റിയോഗത്തിൽ എ.എൻ. രാധകൃഷ്ണനേയും വിളിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളിൽ പ്രസിഡന്റിനെക്കൂടാതെ ജനറൽ സെക്രട്ടറിമാർ മാത്രമാണ് കോർ-കമ്മിറ്റിയിൽ പങ്കെടുക്കാറുള്ളത്.

കൃഷ്ണദാസ് പക്ഷത്തുനിന്ന് എം.ടി. രമേശ് മാത്രമാണ് ജനറൽ സെക്രട്ടറി. ഭാരവാഹി പട്ടികയിൽ തങ്ങൾക്കുള്ള പ്രതിഷേധം കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കൃഷ്ണദാസ് പക്ഷത്തിന്‍റെ അതൃപ്തി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് രാധാകൃഷ്ണനെ കോർ-കമ്മിറ്റിയിൽ അവസാന നിമിഷം ഉൾപ്പെടുത്തിയത്. എതിർപ്പ് ഉയർത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാർട്ടി ഘടനയിൽ തന്നെ മാറ്റം വരുത്തിയായിരുന്നു കെ.സുരേന്ദ്രൻ വിട്ടുവീഴ്ചക്ക് തയ്യാറായത്.

സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സമവായ നീക്കം നടന്നത്.ഇതോടെ ജനറൽ സെക്രട്ടറിയായി തുടരുന്ന എം.ടി രമേശും വൈസ് പ്രസിഡണ്ട് എ.എൻ രാധാകൃഷ്ണനുമടക്കം കോർ കമ്മിറ്റിയിൽ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി.

0Shares