
സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മംഗളുരുവിലെയും ഗോവയിലേയും പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ വകയിരുത്തിയെന്ന് കേരളാ ടൂറിസം വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം കൊല്ലം, കൊച്ചി, ബേപ്പൂര്‍ എന്നിവയെ മംഗളുരു, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതിയുടെ അന്തിമ രൂപം ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഉത്തരവായിട്ടുണ്ട്.ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുമുണ്ട്.

ടൂറിസം ഡയറക്ടര്‍ ആണ് സമിതിയുടെ കണ്‍വീനര്‍. കേരള ഇന്‍ലാന്‍ഡ് ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോര്‍ഡിലെയോ ഉദ്യോഗസ്ഥനും സമിതിയില്‍ അംഗങ്ങളായി ഉണ്ടാകും.
സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിദഗ്ധര്‍ സര്‍ക്കാരിൻ്റെ പുതിയ നയത്തെ സ്വാഗതം ചെയ്തു. വിനോദ സഞ്ചാര മേഖലയില്‍ ഒരു പുതിയ വിപണി തുറക്കാന്‍ ഈ നയം സഹായിക്കുമെന്നാണ് കരുതുന്നത്.
