
വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ബന്ദിപ്പൂരിൽ ചേർന്ന അന്തർ സംസ്ഥാന യോഗത്തില്‍ സഹകരണ കരാറില്‍ ഒപ്പിട്ട് കേരളവും കർണാടകയും. പ്രധാനമായും നാല് നിർദേശങ്ങളാണ് ചാർട്ടറിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇവയൊക്കെയാണ് ഇരുസംസ്ഥാനങ്ങളും സമാവയത്തിൽ എത്തിയ ധാരണയിലുള്ളത്:
വന്യമൃഗ സംഘർക്ഷ മേഖല അടയാളപ്പെടുത്തുക, ജനവാസ മേഖലയിൽ ഇറങ്ങുന്നതിൻ്റെ കാരണം കണ്ടെത്തുക, ലഘൂകരണത്തിന് വഴി തേടുക, പരിഹാരങ്ങളിൽ കാലതാമസം ഒഴിവാക്കുക, അതിവേഗ ഇടപെടൽ നടത്തുക, വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറൽ എന്നിവയില്‍ വിദഗ്ദ്ധ സേവനം, വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക എന്നീ വിഷയങ്ങളിലാണ് ധാരണയായത്.

മനുഷ്യ- വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏകോപിപ്പിക്കാൻ കേരള- കർണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇൻ്റെർ സ്റ്റേറ്റ് കോ- ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൽ ചേരാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്താൻ ആയിരുന്നു തീരുമാനം.
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങൾ കണക്കിലെടുത്ത് നേരത്തേ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ചും ബന്ദിപ്പൂരിലെ യോഗത്തിൽ ചർച്ച നടന്നു.
മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള ദീർഘകാല- ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ- ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു.
