
മദ്യപാനത്തിൻ്റെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിൽ കേരളമെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്‌റിജസ് കോർപറേഷൻ്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്.
കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്‌സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ് 1.2%. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2% പേർ മാത്രമേ കുടിക്കു. 15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷൻമാരും മദ്യപിക്കുമെന്നാണ് സർവേ.

ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്ക് മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2% പുരുഷൻമാർ മദ്യം ഉപയോഗിക്കും. 0.2% സ്ത്രീകളും. തൃശൂരുകാർക്കും ഇഷ്ടം ബ്രാൻഡിയാണ്. റമ്മിനോട് പ്രിയമില്ല.
മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡിപ്രിയരാണ്. അതേസമയം കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയ്ക്ക് താൽപര്യം റമ്മിനോടാണ്.
