
കേരളത്തിലാകെ ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേർ വീതം കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരും ആറ് പേർ കാസർകോട് ജില്ലയിൽ നിന്നുമാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട എല്ലാവരും ഗൾഫിൽ നിന്നു വന്നവരാണ്.
ഇന്നത്തോടെ സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം ഇപ്പോഴും ഒരു വിഭാഗം സർക്കാർ നിർദ്ദേശിക്കുന്ന നിയന്ത്രണം പാലിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചില ആരാധനാലയങ്ങളിൽആൾക്കൂട്ടം എത്തുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.
ഇനിയുള്ള സമയം ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ വേണ്ടി വരും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അതേസമയം കേരളത്തിൽ ഇപ്പോൾ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. 52785 പേർ വീടുകളിൽ കഴിയുമ്പോൾ 228 പേർ ആശുപത്രികളിലാണ്.

ഇന്ന് ഒറ്റ ദിവസത്തിൽ കേരളത്തിൽ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയക്കുകയും ചെയ്തു. പരിശോധനയ്ക്കായി അയച്ചവയിൽ 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കാസർകോട് രോഗം സ്ഥിരീകരിക്കപ്പെട്ട അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്.
കണ്ണൂരിലെ രോഗികളിൽ രണ്ട് പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ രോഗികളിൽ മൂന്ന് പേരും എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
