
കോഴിക്കോട് / കാസർകോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയത് ഭര്‍ത്താവിൻ്റെ നിര്‍ബന്ധ പ്രകാരമാണെന്ന് സ്വര്‍ണക്കടത്തിൽ പിടിയിലായ കാസര്‍കോട് സ്വദേശിനി ഷെഹല എന്ന പത്തൊമ്പതുകാരി മൊഴിനല്‍കി. നിര്‍ബന്ധം ഏറിയപ്പോഴാണ് സ്വര്‍ണം കടത്താന്‍ തീരുമാനിച്ചതെന്നും ഷെഹല പറഞ്ഞു. ഷെഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെങ്കിലും ഇക്കാര്യത്തില്‍ തഴക്കവും പഴക്കവും വന്ന വ്യക്തിയെ പോലെയായിരുന്നു പൊലീസിനോട് പെരുമാറിയത്. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയും നല്‍കി.
ഞായറാഴ്‌ച രാവിലെ പത്തരയോടെയാണ് ഷെഹല കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണമൊന്നും കണ്ടെത്തിയിരുന്നില്ല. പതിനൊന്ന് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങി.

യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു.
കസ്റ്റംസ് പരിശോധനക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചു കൊണ്ടിരുന്നു.
എന്നാല്‍ പൊലീസ് ലഗേജുകള്‍ പരിശോധിക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴൊന്നും സ്വര്‍ണം ലഭിച്ചില്ല. താന്‍ സ്വര്‍ണമൊന്നും കടത്തിയിട്ടില്ലെന്ന് കടത്ത് സംഘത്തിൻ്റെ കാരിയറല്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു.

ശരീരത്തില്‍ കോടികളുടെ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ട് എന്ന അങ്കലാപ്പൊന്നും അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ വ്യക്തമായ വിവരം ലഭിച്ചതിനാല്‍ പൊലീസ് ദേഹപരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ മൂന്ന് പാക്കറ്റുകളിലായി മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ഇത് അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു.
1884 ഗ്രാം സ്വര്‍ണമാണ് യുവതി കൊണ്ടുവന്നത്. വിപണിയില്‍ ഇതിന് ഒരുകോടിയോളം രൂപ വിലവരും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു പൊലീസ് പിടികൂടുന്ന എണ്‍പത്തിയാറാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘവുമായി യുവതിക്ക് ബന്ധമുണ്ടെന്നാണ് സൂചന. അന്വേഷണം തുടരുകയാണ്.
