
കാസർകോട്: സ്വകാര്യ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്തി വ്യവസായികള്‍ മുന്നിട്ടിറങ്ങിയാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സൗകര്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ സ്വകാര്യ ഇന്റസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വകാര്യ സംരംഭകരും ചേര്‍ന്ന് ഈ പദ്ധതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും പിന്നോക്ക ജില്ല എന്ന് പറയുന്ന കാസര്‍കോട് ജില്ലയിലാണ് രാജ്യത്ത് ആദ്യമായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ പ്ലാന്റുണ്ടാകുന്നതെന്നും അത് വലിയൊരു മാറ്റമാണെന്നും മന്ത്രി പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്റുമായി സഹകരിച്ച് അത് യാഥാര്‍ത്ഥ്യമാകുന്നതുവരെ പ്രയത്‌നിച്ച ജനപ്രതിനിധികളെയും മറ്റ് ഏജന്‍സികളെയും പദ്ധതി നിര്‍വ്വഹണത്തിന് രണ്ടാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.
ചടങ്ങില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ ഓക്‌സിജൻ്റെ ആദ്യ ഓര്‍ഡര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വീകരിച്ചു. വ്യവസായ ഓക്‌സിജൻ്റെ ആദ്യ ഓര്‍ഡര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വീകരിച്ചു. കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് ബാധിതരെ സഹായിച്ച കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍, ക്വാളിറ്റി ട്രേഡേഴ്‌സ് കാസര്‍കോട്, കെ.ഇ.എ കുവൈറ്റ്, ബിജു ട്രേഡേഴ്‌സ് കാസര്‍കോട്, കെയര്‍ സിസ്റ്റം കൊച്ചി, നിര്‍മ്മിതി കേന്ദ്രം എന്നീ സ്ഥാപനങ്ങളെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ഗീത കൃഷ്ണന്‍, കെ. ശകുന്തള, അഡ്വ.എസ്.എന്‍ സരിത, ഷിനോജ് ചാക്കോ, നഗരസഭ അധ്യക്ഷന്‍മാരായ അഡ്വ.വി.എം മുനീര്‍, ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത്അസോസിയേഷന്‍ ജില്ല സെക്രട്ടറി എം.ലക്ഷ്മി, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി വത്സലന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി.ഉഷ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീമ അന്‍സാരി, വാര്‍ഡ് മെമ്പര്‍ ടി.പി നിസാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. തമ്പാന്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ.എ.എസ്, പഞ്ചായത്ത് സെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ഡി.എം.ഒ ഡോ.എ.വി രാംദാസ് , കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി സജീര്‍ ,കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധി പി.വി രവീന്ദ്രന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ശ്യാമപ്രസാദ്, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ പ്രതിനിധി ഗുണേന്ദ്രലാല്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ നന്ദിയും പറഞ്ഞു.

ഓക്‌സിജന്‍ പ്ലാന്റില്‍ ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാം
ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.42 കോടി രൂപയും ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 3.49 കോടി രൂപയാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിൻ്റെയും കൂട്ടായ്മയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിൻ്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനായിരുന്നു. പ്ലാന്റിൻ്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രമാണ് നടപ്പിലാക്കിയത്. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍.
സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റില്‍ നിന്നും മെഡിക്കല്‍ ആവശ്യത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സാധിക്കും.
