
കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തിനുള്ളില്‍ കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേകമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കിയത് 238 പദ്ധതികളാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ പാറക്കടവ് പാലം ഓറവങ്കര പള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ വര്‍ഷവും കാസര്‍കോട് വികസന പാക്കേജിന്‍റെ സുഗമമായ നടത്തിപ്പിനായി ബജറ്റില്‍ 90 ലക്ഷം രൂപ പ്രത്യേകമായി നീക്കി വെച്ചു. അങ്ങനെ നീക്കിവെച്ച തുകയില്‍ നിന്നാണ് പ്രാദേശിക വികസനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

മറ്റ് ജില്ലകള്‍ക്ക് ലഭിക്കുന്നതുപോലെ കാസര്‍കോടിന് നല്‍കുന്ന വിഹിതത്തിന് പുറമേയാണ് ഇത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ജില്ലയിലെ 30 സ്കൂളുകള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്മാര്‍ട്ടാകാനായി മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഒരു കോടി രൂപ 21 വിദ്യാലയങ്ങള്‍ക്കും ലഭിച്ചു. സംസ്ഥാനത്താകെ 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ആയിരം കോടിയോളം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.അജാനൂര്‍ പഞ്ചായത്തിലെ തന്നെ മുച്ചിലോട്ട് പാലം സര്‍ക്കാറിന്‍റെ പരിഗണനയിലാണ്. ചില സാങ്കേതിക തടസ്സങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുച്ചിലോട്ട് കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
